ഇന്ത്യയിലെ ഡിജിറ്റല്‍ ആവാസ വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കായി എയര്‍ടെലും ഗൂഗിളും സഹകരിക്കുന്നു

Posted on: January 29, 2022

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഡിജിറ്റല്‍ ആവാസ വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കായി പ്രമുഖ കമ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്ലും (എയര്‍ടെല്‍) ഗൂഗിളും ദീര്‍ഘകാല അടിസ്ഥാനത്തില്‍ സഹകരിക്കുന്നു. ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മികച്ച അനുഭവങ്ങള്‍ നല്‍കുന്നതിനുമായി ഇവര്‍ ഒരുമിച്ച് ലോകോത്തര ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരും. ചെലവ്, പ്രാപ്യത, ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍ എന്നിവയ്ക്കു പരിഹാരമായി ഇവരുടെ വൈദഗ്ധ്യം ഉപയോഗിക്കുകയും ചെയ്യും.

സഹകരണത്തിന്റെ ഭാഗമായി ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിലേക്ക് ഗൂഗിള്‍ ഒരു ബില്ല്യന്‍ ഡോളര്‍ നിക്ഷേപിക്കും. തുല്ല്യമായ നിക്ഷേപവും അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വാണീജ്യ കരാറുകളും ഇതില്‍ ഉള്‍പ്പെടും. ഓഹരി ഒന്നിന് 734 രൂപ പ്രകാരം ഗൂഗിള്‍ ഭാരതി എയര്‍ടെലില്‍ 700 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുക, വാണീജ്യ കരാര്‍ പ്രകാരം 300 ദശലക്ഷം ഡോളര്‍ നിക്ഷേപം എന്നിവയും ഇതില്‍പ്പെടും. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഉപകരണങ്ങള്‍ എത്തിച്ച് അവരെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുകയും ഇതില്‍ ഉള്‍പ്പെടും.

റഗുലേറ്ററി ചട്ടങ്ങള്‍ അനുസരിച്ചായിരിക്കും കരാര്‍. കണക്റ്റഡ് ഇന്ത്യയുടെ പ്രധാന്യം രണ്ട് സ്ഥാപനങ്ങളും അംഗീകരിക്കുന്നുണ്ട്. ഡിജിറ്റല്‍ മാറ്റത്തിന്റെ യാത്രയില്‍ ബിസിനസുകളെ ശാക്തീകരിക്കുന്നതിനും എല്ലായിടത്തുമുള്ള ഉപഭോക്താക്കള്‍ക്കായി ശക്തമായൊരു ഡിജിറ്റല്‍ സംവിധാനം പടുത്തുയര്‍ത്തുന്നതിനുമായാണിത്.

നൂതന ഡിജിറ്റല്‍ സേവനങ്ങളുള്ള ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും സേവനം നല്‍കുന്ന ഒരു ഓപ്പണ്‍ ടെക്‌നോളജി ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാന്‍ ഇരു പ്രസ്ഥാനങ്ങളും പ്രതിജ്ഞാബദ്ധരാണ്, കൂടാതെ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഡിജിറ്റല്‍ സൊല്യൂഷനുകള്‍ സൃഷ്ടിക്കുന്നതിന് വിവിധ മേഖലകളില്‍ സംയുക്തമായി പര്യവേക്ഷണം നടത്താനും നിക്ഷേപിക്കാനും സമ്മതിച്ചിട്ടുണ്ട്.

വാണിജ്യ കരാര്‍ അടിസ്ഥാനത്തില്‍ എയര്‍ടെലും ഗൂഗിളും ചേര്‍ന്ന് എയര്‍ടെലിന്റെ വിപുലമായ ഓഫറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ ആന്‍ഡ്രോയിഡ് അധിഷ്ഠിത ഉപകരണങ്ങള്‍ എത്തിക്കും. വിവിധ ഉപകരണ നിര്‍മ്മാതാക്കളുമായി സഹകരിച്ച്, വിവിധ വിലകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കുന്നതിനുള്ള തടസ്സങ്ങള്‍ കുറയ്ക്കുന്നതിനുള്ള കൂടുതല്‍ മാര്‍ഗങ്ങളെക്കുറിച്ച് ഇരുവരും ചേര്‍ന്ന് പര്യവേഷണം നടത്തും.

തന്ത്രപരമായ സഹകരണത്തിന്റെ ഭാഗമായി ഇരുവരും ചേര്‍ന്ന് 5ജിക്കായി ഇന്ത്യ കേന്ദ്രീകൃത നെറ്റ്വര്‍ക്ക് ഡൊമെയിന്‍ ഉപയോക കേസുകള്‍ സൃഷ്ടിക്കും. എയര്‍ടെല്‍ നിലവില്‍ ഗൂഗിളിന്റെ 5ജി റെഡി സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അനുഭവം പ്രദാനം ചെയ്യുന്നതിനായി ഗൂഗിളിന്റെ നെറ്റ്വര്‍ക്ക് വിര്‍ച്ച്വലൈസേഷന്‍ വിപുലമായി വിന്യസിക്കുന്നതിനും പരിപാടിയുണ്ട്.

ഡിജിറ്റല്‍വല്‍ക്കരണത്തിന് വേഗം കൂട്ടുന്നതിനായി രണ്ടു കമ്പനികളും ക്ലൗഡ് എക്കോസിസ്റ്റം വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കുന്നുണ്ട്. പത്തു ലക്ഷത്തിലധികം ചെറുകിട-ഇടത്തരം ബിസിനസുകള്‍ക്ക് എയര്‍ടെല്‍ സേവനങ്ങളെത്തിക്കുന്നുണ്ട്. ഈ സഹകരണം ഇതിന് വേഗം കൂട്ടും.

നൂതനമായ ഡിജിറ്റല്‍ ഉത്പന്നങ്ങളിലൂടെ ഇന്ത്യയുടെ ഡിജിറ്റല്‍ വിഹിതം വളര്‍ത്താനാണ് എയര്‍ടെലിന്റെയും ഗൂഗിളിന്റെയും കാഴ്ചപ്പാടെന്നും തങ്ങളുടെ ഡിജിറ്റല്‍ റെഡി നെറ്റ്വര്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്ഫോമും വിതരണവും പേയ്മെന്റ് എക്കോസിസ്റ്റവും ചേര്‍ത്ത് ഗൂഗിളുമായി സഹകരിക്കുന്നതിലൂടെ ഇന്ത്യയുടെ ഡിജിറ്റല്‍ എക്കോസിസ്റ്റത്തെ തലങ്ങും വിലങ്ങും വളര്‍ത്തുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു.

ഇന്ത്യയുടെ ഡിജിറ്റല്‍ ഭാവി രൂപപ്പെടുത്തുന്നതില്‍ എയര്‍ടെല്‍ മുന്നിലുണ്ടെന്നും കണക്റ്റിവിറ്റി വികസിപ്പിക്കുന്നതിനായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എയര്‍ടെലിലെ തങ്ങളുടെ വാണിജ്യവും ഇക്വിറ്റി അധിഷ്ഠിതവുമായ നിക്ഷേപം ഗൂഗിളിന്റെ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിന്റെ തുടര്‍ച്ചയാണെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞു.

 

TAGS: Airtel | Google |