കഫേ കോഫി ഡേ ഐപിഒ അടുത്തവർഷം

Posted on: December 13, 2014

Cafe-Coffee-Day-Big

ഇന്ത്യയിലെ ഏറ്റവും വലിയ കോഫി റീട്ടെയൽ ശൃംഖലയായ കഫേ കോഫി ഡേ പബ്ലിക്ക് ഇഷ്യുവിലൂടെ 1,200-1,500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. പ്രമോട്ടർമാരായ അമാൽഗമേറ്റഡ് കോഫി ബീൻ ട്രേഡിംഗ് കമ്പനി (എസിബിടിസി) 20-25 ശതമാനം ഓഹരി വിൽക്കാനാണ് ലക്ഷ്യമിടുന്നത്. വിപണി സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ 2015 ൽ ഐപിഒ ഉണ്ടായേക്കും.

ഇഷ്യു സംബന്ധിച്ച് മോർഗൻ സ്റ്റാൻലി, സിറ്റി ഗ്രൂപ്പ്, കോട്ടക് മഹീന്ദ്ര കാപ്പിറ്റൽ എന്നീ ഇൻവെസ്റ്റ്‌മെന്റ് ബാങ്കുകളുമായി ചർച്ചനടത്തി വരികയാണ്. മുഖ്യപ്രമോട്ടറും ചെയർമാനുമായ വി.ജി. സിദ്ധാർത്ഥയ്ക്ക് എസിബിടിസിയിൽ 70 ശതമാനവും പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകളായ കെകെആർ, സ്റ്റാൻചാർട്ട് പിഇ, ന്യൂ സിൽക്ക് റൂട്ട് എന്നിവയ്ക്ക് 20 ശതമാനത്തോളവും ഓഹരിപങ്കാളിത്തമുണ്ട്.

1996 ൽ ആരംഭിച്ച കഫേ കോഫി ഡേയ്ക്ക് രാജ്യത്തെ ഇരുനൂറിലേറെ ടൗണുകളിലായി 1650 റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളാണുള്ളത്.