കോവിഡ് 19 : 15 ലക്ഷം കോടിയുടെ പാക്കേജ് വേണമെന്ന് സി.ഐ.ഐ.

Posted on: May 10, 2020

ന്യൂഡല്‍ഹി : രാജ്യവ്യാപക അടച്ചിടലിനെതുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ 15 ലക്ഷം കോടി രൂപയുടെ അടിയന്തര ഉത്തേജന പാക്കേജ് ആവശ്യമാണെന്ന് കോണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ). മൊത്തം ആഭ്യന്തരോത്പാദന (ജി.ഡി.പി) ത്തിന്റെ 7.5 ശതമാനമാണ് ഈ തുക.

കോവിഡ് മഹാമാരിക്കു തടയിടാന്‍ അടച്ചിടല്‍ അനിവാര്യമായിരുന്നു. എന്നാല്‍, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഇതിനു വലിയ വില കൊടുക്കേണ്ടി വന്നു. മൂന്നാം ഘട്ട അടച്ചിടല്‍ പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം രണ്ടുമാസത്തെ ഉത്പാദന നഷ്ടമാണ് സംഭവിക്കുന്നത്.

പ്രതീക്ഷിച്ചതിനെക്കാള്‍ ഗൗരവമായ തിരിച്ചടിയാണ് സമ്പദ് വ്യവസ്ഥയ്ക്കുണ്ടാകാന്‍ പോകുന്നത്. തൊഴിലും ജീവനോപാധികലും സംരക്ഷിക്കാന്‍ വലിയരീതിയിലുള്ള സാമ്പത്തിക ഇടപെടല്‍ ആവശ്യമുണ്ട്. സി.ഐ.ഐ. പ്രസിഡന്റ് വിക്രം കിര്‍ലോസ്‌കര്‍ പറഞ്ഞു. നിലവില്‍ പ്രഖ്യാപിച്ച ജന്‍ധന്‍ അക്കൗണ്ട് വഴിയുള്ള സഹായത്തിന്റെ പരിധിയില്‍ കുടിയേറ്റതൊഴിലാളികള്‍ വരുമെന്ന് ഉറപ്പുവരുത്തണം. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിനും അതുവഴി തൊഴില്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാനും സംരംഭകര്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കണം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വേതന ബില്ലിനു സമാനമായ രണ്ടുലക്ഷം കോടിരൂപ സര്‍ക്കാര് ഗ്യാരന്റിയോടെ നാല്- അഞ്ച് ശതമാനം പലിശയ്ക്കു നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാകണമെന്നും സി. ഐ.ഐ. ആവശ്യപ്പെട്ടു.

6.3 കോടിയോളം ലഘു, ചെറുകിട, ഇടത്തരം സംരംഭങ്ങളാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ലോണ്‍ തുകയുടെ 60-70 ശതമാനത്തോളം സര്‍ക്കാര്‍ ജാമ്യത്തില്‍ ക്രെഡിറ്റ് സംരക്ഷണ പദ്ധതി നടപ്പാക്കണം. തൊഴിലവസരങ്ങല്‍ ഉണ്ടാക്കാന്‍ നാലുലക്ഷം കോടിരൂപ പൊതുമരാമത്ത് പദ്ധതികള്‍ക്കായി നീക്കിവെക്കണം. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലൂടെയുള്ള വൈദ്യുത വിതരണ കമ്പനികളുടെ നഷ്ടം നികത്താനായി രണ്ടം ലക്ഷം കോടി രൂപ നീക്കിവെക്കാനും സി. ഐ.ഐ. നിര്‍ദ്ദേശിതച്ചു.

TAGS: CII |