റിസർവ് ബാങ്ക് മെഹുൽ ചോക്‌സി ഉൾപ്പടെ 50 പേരുടെ 68,607 കോടിയുടെ വായ്പ കുടിശിക എഴുതിത്തള്ളി

Posted on: April 28, 2020

മുംബൈ : രാജ്യത്തെ വിവിധ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് മുങ്ങിയ മെഹുൽ ചോക്‌സി ഉൾപ്പടെ 50 പേരുടെ, 68,607 കോടിയുടെ വായ്പ കുടിശിക റിസർവ് ബാങ്ക് എഴുതിത്തള്ളി. വിവരാവകാശ പ്രവർത്തകനായ സാകേത് ഗോഖലെ നൽകിയ അപേക്ഷയിലാണ് റിസർവ് ബാങ്കിന്റെ മറുപടി.

മെഹുൽ ചോക്‌സിയുടെ ഗീതാഞ്ജലി ജെംസിന് 5,492 കോടി രൂപ കുടിശികയുണ്ട്. മറ്റ് ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ്, നക്ഷത്ര ബ്രാൻഡ്‌സ് എന്നിവയും 1,447 കോടി രൂപയും 1,109 കോടി രൂപയും വായ്പയെടുത്തു. ഇന്ത്യ വിട്ട ചോക്‌സി ഇപ്പോൾ ആന്റിഗ്വയിലെ പൗരനാണ്. സന്ദീപ് ജുൻ ജുൻവാല (ആർ ഇ ഐ അഗ്രോ) -4,314 കോടി, ജെയിൻ മേത്ത (വിൻസം ഡയമണ്ട്‌സ്) – 4076 കോടി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

റോട്ടോമാക് ഗ്ലോബൽ, കുഡോസ് കെമി, രുചി സോയ, സൂം ഡെവലപ്പേഴ്‌സ് തുടങ്ങിയ കമ്പനികൾക്ക് 2000 കോടി രൂപയ്ക്ക് മുകളിൽ വായ്പാ കുടിശികയുണ്ട്. വിജയ് മല്യയുടെ കിംഗ്ഫിഷർ എയർലൈൻസ് ഉൾപ്പടെ 1000 കോടി രൂപയ്ക്ക് മുകളിൽ കുടിശികയുള്ള 18 കമ്പനികളുടെ വായ്പകളും എഴുതിത്തള്ളിയിട്ടുണ്ട്.