എച്ച്. ഡി. എഫ്. സി. യുടെ 1.75 കോടി ഓഹരികള്‍ ചൈനീസ് കേന്ദ്ര ബാങ്ക് സ്വന്തമാക്കി

Posted on: April 13, 2020


കൊറോണ വൈറസ് വ്യാപനത്തിനിടെ ചൈനയുടെ കേന്ദ്ര ബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഇന്ത്യയിലെ ഏറ്റവും വലിയ ഭവനവായ്പാ സ്ഥാപനമായ എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ ഏതാണ്ട് 1.75 കോടി ഓഹരികള്‍ സ്വന്തമാക്കി. എച്ച്.ഡി. എഫ്. സി. യുടെ മൊത്തം ഓഹരിയുടെ 1.01 ശതമാനം വരുമിത്. 2020 ജനുവരിക്കും മാര്‍ച്ചിനും ഇടയിലാണ് ഇടപാടുകള്‍ എന്നാണ് സൂചന. എച്ച്.ഡി.എഫ്.സിയുടെ ഓഹരി വില 41 ശതമാനം ഇടിഞ്ഞ സമയത്താണ് ഈ ഏറ്റെടുക്കല്‍.

ജനുവരി 14 ന് 2,499.65 രൂപയിലെത്തി ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. എച്ച്. ഡി. എഫ്. സി. യുടെ ഓഹരിവില. എന്നാല്‍ കൊറോണ ആശങ്കയില്‍ സെന്‍സെക്‌സ് തകര്‍ന്നപ്പോള്‍ എച്ച്. ഡി. എഫ്. സി യുടെ വില അതിനേക്കാള്‍ വേഗത്തില്‍ ഇടിയുകയായിരുന്നു. കഴിഞ്ഞയാഴ്ച 1,701.95 രൂപ നിലവാരത്തിലായിരുന്നു ക്ലോസിംഗ്

അതേസമയം, 2019 മാര്‍ച്ച് പാദം മുതല്‍തന്നെ പീപ്പിള്‍സ് ബാങ്ക്, എച്ച്.ഡി.എഫ്.സി.യില്‍ പങ്കാളിയാണെന്ന് എച്ച്.ഡി.എഫ്.സി.യുടെ വൈസ് ചെയര്‍മാന്‍ കേകി മിസ്ത്രി പറഞ്ഞു. ഓഹരി പങ്കാളിത്തം ഒരു ശതമാനത്തിന് മുകളിലെത്തിയതിനാല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ ഇപ്പോള്‍ അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.