പത്തനംതിട്ടയിൽ 5 പേർക്ക് കൊറോണ ; മൂന്ന് പേർ ഇറ്റലിയിൽ നിന്ന് എത്തിയവർ

Posted on: March 8, 2020

കൊച്ചി : പത്തനംതിട്ടയിൽ 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. റാന്നി ഐത്തല സ്വദേശികളായ ഇവരിൽ മൂന്ന് പേർ ഇറ്റലിയിൽ നിന്ന് എത്തിയവരാണ്. മറ്റ് രണ്ട് പേർ ഇവരുടെ അടുത്ത ബന്ധുക്കളുമാണ്. മാർച്ച് ഒന്നിന് രാവിലെയാണ് 55 കാരനും ഭാര്യയും 22 കാരനായ മകനും വെനീസിൽ നിന്ന് ദോഹ വഴി നെടുമ്പാശേരിയിൽ എത്തിയത്. കോട്ടയത്ത് നിന്ന് വന്ന ദമ്പതികളാണ് ഇവരെ വിമാനത്താവളത്തിൽ സ്വീകരിച്ചത്. കുടുംബനാഥന്റെ സഹോദരൻ പിന്നീട് പനിക്ക് ചികിത്സ തേടിയതിനെ തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് എത്തിയവർ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയരായിരുന്നില്ല.

ഇറ്റലിയിലെ വെനീസിൽ നിന്നും ഫെബ്രുവരി 29-ന് ഖത്തർ എയർവേസിന്റെ ക്യു.ആർ-126 വിമാനത്തിലാണ് ഇവർ നാട്ടിലേക്ക് തിരിച്ചത്. ഖത്തർസമയം രാത്രി 11.20 ന് ഈ വിമാനം ദോഹയിലെത്തി. കൊച്ചിയിലേക്ക് പോകാനായി ദോഹ വിമാനത്താവളത്തിൽ ഒന്നര മണിക്കൂറോളം കാത്തുനിന്നു. തുടർന്ന് മാർച്ച് ഒന്നിന് രാവിലെ 8.20 ഓടെ ഖത്തർ എയർവേസിന്റെ ക്യൂ.ആർ 514 വിമാനത്തിൽ കൊച്ചിയിലേക്ക് വന്നു. ഇവരോടൊപ്പം യാത്രചെയ്തവരെയും വിമാനജോലിക്കാരെയും കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ.