ഇൻഫോസിസ് സിംപ്ലസിനെ ഏറ്റെടുത്തു

Posted on: February 12, 2020

ബംഗലുരു : ഇൻഫോസിസ് അമേരിക്കൻ കമ്പനിയായ സിംപ്ലസിനെ ഏറ്റെടുത്തു. 25 കോടി ഡോളറിന്റെതാണ് (ഏകദേശം 1782 കോടി രൂപ) ഇടപാട്. കമ്പനികൾക്കായി ഉപദേശക സേവനങ്ങൾ, മാനേജ്‌മെന്റ് മാറ്റത്തിനുള്ള സഹായം, ഡേറ്റ ഇന്റഗ്രേഷൻ തുടങ്ങിയ സേവനങ്ങളാണ് സിംപ്ലസ് നൽകുന്നത്.

20 കോടി ഡോളർ ഏറ്റെടുക്കുന്നതിനും അഞ്ചുകോടി ഡോളർ ജീവനക്കാർക്കുള്ള ഇൻസെന്റിവിനും മറ്റാനുകൂല്യങ്ങൾക്കുമായാണ് ഇൻഫോസിസ് ചെലവഴിക്കുന്നത്.. 2020 ജനുവരി 31 വരെയുളള കണക്കു പ്രകാരം സിംപ്ലസിന്റെ മൊത്തം വരുമാനം 6.71 കോടി ഡോളർ (478 കോടി രൂപ) ആയിരുന്നു. ഏറ്റെടുക്കലോടെ ഇൻഫോസിസിന് ആഗോളതലത്തിൽ സെയിൽസ് ഫോഴ്‌സ് ക്ലൗഡ് വൈദഗ്ധ്യത്തിൽ മുന്നേറാനാകും.

യുഎസിൽ അഞ്ചും സിഡ്‌നി, മെൽബൺ, മനില തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഓഫീസുകളുള്ള സിംപ്ലക്‌സിന് അഞ്ഞൂറോളം ജീവനക്കാരാണുള്ളത്. ഏറ്റെടുക്കൽ നടപടികൾ നടപ്പ് വർഷം നാലാം ക്വാർട്ടറിൽ പൂർത്തിയാകും.

TAGS: Infosys | Simplus |