ഇന്റർനെറ്റ് വിലക്ക് : ഇ-കൊമേഴ്‌സ് മേഖലയിൽ കോടികളുടെ നഷ്ടം

Posted on: December 29, 2019

മുംബൈ : വിവിധ സംസ്ഥാനങ്ങളിൽ ഇന്റർനെറ്റിനുണ്ടായ വിലക്ക് ഇ-കൊമേഴ്‌സ് മേഖലയിൽ കടുത്ത പ്രതിസന്ധിക്ക് ഇടയാക്കുന്നു. ജമ്മു കാഷ്മീർ, കർണാടക, രാജസ്ഥാൻ, ഗുജറാത്ത്, ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, അസാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ അടുത്തകാലത്ത് ഇന്റർനെറ്റിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ഓഗസ്റ്റ് അഞ്ച് മുതൽ ജമ്മു കാഷ്മീരിൽ ഇന്റർനെറ്റ് നിരോധനം തുടരുകയാണ്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭണങ്ങൾ മൂലം ഉത്തർ പ്രദേശിലെ 21 ജില്ലകളിലും ഇന്റർനെറ്റ് നിരോധനം നിലവിലുണ്ട്. ഒരു സർക്കളിൽ ഒരു മണിക്കൂർ നിരോധനം നടപ്പാക്കിയാൽ ടെലികോം കമ്പനികൾക്ക് 2.4 കോടിയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്.

ആമസോൺ, ഫ്‌ളിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പോർട്ടലുകളുടെ ബിസിനസിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഓൺലൈൻ ടാക്‌സി, ഓൺലൈൻ ഭക്ഷ്യവിതരണം, ബാങ്കിംഗ്, ടൂറിസം തുടങ്ങിയ മേഖലകളും കോടികളുടെ നഷ്ടമാണ് നേരിടേണ്ടി വരുന്നത്. വിനോദസഞ്ചാര മേഖലയിൽ ടിക്കറ്റ് ബുക്കിംഗും ഹോട്ടൽ ബുക്കിംഗും ഇന്റർനെറ്റിനെ ആശ്രയിച്ചാണ് നടക്കുന്നത്. വാട്‌സാപ്പ്, ഫേസ് ബുക്ക്, യു ട്യൂബ് പോലുള്ള സാമൂഹ്യ മാധ്യമങ്ങൾക്കും നിരോധനം തിരിച്ചടിയാണ്.