കാഷ്മീരിനെ വിഭജിച്ചു, പ്രത്യേക പദവി ഇനി ഇല്ല, ആർട്ടിക്കിൾ 370 റദ്ദാക്കി

Posted on: August 5, 2019

ന്യൂഡൽഹി : ജമ്മുകാഷ്മീരിനെ രണ്ടായി വിഭജിക്കാനുള്ള തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ പ്രഖ്യാപിച്ചു. ജമ്മുകാഷ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായിട്ടാണ് വിഭജനം. കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കണമെന്നത് ലഡാക്കിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണെന്ന് അമിത് ഷാ പറഞ്ഞു.

കാഷ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങൾക്കുള്ളിൽ സർക്കാരിന്റെ ശിപാർശ അംഗീകാരിച്ച് ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ബില്ലിൽ ഒപ്പുവെച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതോടെ ആർട്ടിക്കിൾ 35 എ യും ഇല്ലാതാകും. പ്രതിപക്ഷ പ്രതിഷേധത്തെ അവഗണിച്ചുകൊണ്ടാണ് അമിത് ഷാ തീരുമാനം പ്രഖ്യാപിച്ചത്.

കാഷ്മീരിന് പ്രത്യേക അധികാരം നൽകുന്ന നിയമങ്ങൾ പിൻവലിച്ചേക്കുമെന്ന അഭ്യൂഹം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലനിന്നിരുന്നു. പ്രതിഷേധം നേരിടാൻ കാഷ്മീരിൽ സൈന്യത്തെ വിന്യസിപ്പിച്ചിരുന്നു. പ്രമുഖ നേതാക്കാളായ ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി, സജ്ജാദ് ലോൺ, മുഹമ്മദ് തരിഗാമി തുടങ്ങിയ നിരവധി നേതാക്കളെ ഇന്നലെ അർധരാത്രിയോടെ വീട്ടുതടങ്കലിലാക്കി. മൊബൈൽ, ഇന്റർനെറ്റ് സർവീസുകളും താത്കാലികമായി നിർത്തിവെച്ചു.