ഇൻഫോസിസിൽ ക്രമക്കേടെന്ന് ആരോപണം

Posted on: October 22, 2019

ബംഗലുരു : ഇൻഫോസിസ് മേധാവികൾക്കെതിരെ ആരോപണങ്ങളുമായി ഒരു വിഭാഗം ജീവനക്കാർ രംഗത്ത്. കമ്പനി സിഇഒ സലീൽ പരേഖ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലഞ്ജൻ റോയ് എന്നിവർക്കെതിരെയാണ് ആരോപണം. ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിലെ വരുമാനവും ലാഭവും കൃത്രിമമായി പെരുപ്പിച്ചു കാട്ടി ഓഹരിവില ഉയർത്തി നിർത്താൻ അധാർമിക പ്രവർത്തനം നടത്തിയതായി എത്തിക്കൽ എംപ്ലോയീസ് എന്നു വിശേഷിപ്പിച്ചവർ ഡയറക്ടർ ബോർഡിന് അയച്ച കത്തിൽ ആരോപിച്ചു.

സിഇഒയും സിഎഫ്ഒയും കുറച്ചുകാലമായി അധാർമിക പ്രവർത്തനങ്ങൾ നടത്തുന്നതായി ഇവരുടെ ഇ-മെയിലുകളിൽ നിന്നും ഫോൺ സംഭാഷണങ്ങളിൽ നിന്നും വ്യക്തമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ബോർഡ് യോഗങ്ങളിൽ വലിയ ഇടപാടുകളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താതിരിക്കാൻ ഫിനാൻസ് ടീമിനു മേൽ സമ്മർദ്ദമുള്ളതായും കത്തിൽ പറഞ്ഞു.

അതേസമയം ആരോപണങ്ങൾ ഓഡിറ്റ് കമ്മിറ്റിക്ക് മുമ്പിൽ വെച്ചിട്ടുണ്ടെന്നും കമ്പനി നയങ്ങൾക്ക് അനുസരിച്ച് പരാതിയിൽ നടപടിയെടുക്കുമെന്നും ഇൻഫോസിസ് പ്രസ്താവനയിൽ അറിയിച്ചു. ആരോപണങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഇന്നലെ ഇൻഫോസിസ് ഓഹരിവില 10-12 ശതമാനം ഇടിവ് രേഖപ്പെടുത്തി.