തോട്ടം മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്കെന്ന് ഉപാസി

Posted on: October 18, 2019

കൊച്ചി : പ്രാദേശിക സമഗ്ര-സാമ്പത്തിക സഹകരണ കരാര്‍ (ആര്‍. സി. ഇ. പി.) സംബന്ധിച്ച ചര്‍ച്ചകളില്‍ ആശങ്ക പ്രകടിപ്പിച്ച് തോട്ടം ഉടമകളുടെ കൂട്ടായ്മയായ ഉപാസി. ആര്‍. സി. ഇ. പി. കരാറിന്റെ ഭാഗമായി ഇറക്കുമതി തീരുവയില്‍ ഇന്ത്യ ഏതെങ്കിലും തരത്തിലുളള ഇളവുകള്‍ നല്‍കുന്നതിനെക്കുറിച്ച് ആശങ്കയുണ്ടെന്നും തോട്ടം മേഖലയിലെ ഉത്പന്നങ്ങളുടെ വിലയില്‍ ഇത് വലിയ സ്വാധീനം ചെലുത്തുമെന്നും ഉപാസി പ്രസിഡന്റ് എല്‍. എല്‍. ആര്‍.എം. നാഗപ്പന്‍ അറിയിച്ചു.

ഇത് തോട്ടം മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക വ്യാപാര സംഘടനയിലെ പ്രതിബദ്ധതയുടെ ഭാഗമായി ഇറക്കുമതി നിയന്ത്രങ്ങള്‍ ഇന്ത്യ എടുത്തു കളഞ്ഞതു മുതല്‍ തോട്ടം മേഖലയില്‍ നിന്നുള്ള പ്രധാന വിളകളായ തേയില, കാപ്പി, റബ്ബര്‍, ഏലം എന്നിവ വിപണിയില്‍ കടുത്ത മത്സരം നേരിടുന്നുണ്ട്. 2009 – ല്‍ ആസിയാന്‍ കരാറില്‍ ഒപ്പുവെച്ചതോടെ ഇന്‍ഡൊനീഷ്യ, മലേഷ്യ, വിയറ്റ്‌നാം, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തോട്ടം ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി പ്രവേശനം അനുവദിച്ചതും മേഖലയ്ക്ക് തിരിച്ചടിയായി.
ആസിയാന്‍ കരാറിനു കീഴില്‍ തേയില, കാപ്പി, കുരുമുളക് എന്നിവയുടെ ഇറക്കുമതി തീരുവ ഗണ്യമായി കുറച്ചിട്ടുണ്ട്.

ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള തേയിലയുടെയും കാപ്പിയുടെയും ഇറക്കുമതിക്ക് നിലവില്‍ 50 ശതമാനം തീരുവയാണ് ഇന്ത്യ ചുമത്തുന്നത്. കുരുമുളകിന്റെ തീരുവ 51 ശതമാനമാണ്. അസോസിയേഷന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം തോട്ടം ഉത്പന്നങ്ങളുടെ വിഭാഗത്തില്‍ ആര്‍. സി. ഇ. പി. രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 5,716.64 കോടി രൂപയാണ്. എന്നാല്‍ മൊത്തത്തിലുള്ള കണക്കെടുത്താല്‍ 4,368 കോടി രൂപയുടെ വ്യാപാര മിച്ചമാണ് തോട്ടം ഉത്പന്നങ്ങളുടെ വിഭാഗത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

TAGS: UPASI |