സി. എസ്. ബി. ബാങ്ക് ഐ. പി. ഒ. യ്ക്ക് സെബിയുടെ അനുമതി

Posted on: October 15, 2019

കൊച്ചി : തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യമേഖലാ ബാങ്കായ സി. എസ്. ബി. യുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐ.പി.ഔ.) ഓഹരി നിയന്ത്രണ ബോര്‍ഡായ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അനുമതി നല്‍കി.

ഓഗസ്റ്റിലാണ് ഐ. പി. ഒ യ്ക്കുള്ള അപേക്ഷ സി. എസ്. ബി. സമര്‍പ്പിച്ചത്. 400-425 കോടി രൂപ ഐ. പി. ഒ. വഴി സമാഹരിക്കാനാണ് സി. എസ്. ബി. ബാങ്ക് ഉദ്ദേശിക്കുന്നത്. ഭാവിയിലെ മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ബേസല്‍ 3 മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായിരിക്കും ഐ. പി. ഒ. വഴി സമാഹരിക്കുന്ന നിക്ഷേപം ബാങ്ക് വിനിയോഗിക്കുക.

കനേഡിയന്‍ വ്യവസായി പ്രേം വാട്‌സയുടെ നിയന്ത്രണത്തിലുള്ള ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് കോര്‍പ്പറേഷന്‍ കഴിഞ്ഞ വര്‍ഷം ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുത്തിരുന്നു. ഇതേതുടര്‍ന്ന് ഓഹരികള്‍ ലിസ്റ്റ് ചെയ്യാന്‍ ആര്‍. ബി. ഐ. നിര്‍ദേശിക്കുകയായിരുന്നു.

ഈ വര്‍ഷം സെപ്റ്റംബര്‍ 30- ഓടെ ലിസ്റ്റിംഗ് നടത്താനായിരുന്നു നിര്‍ദ്ദേശം. ബി. എസ്. ഇ. യിലും എന്‍ എസ്. ഇ. യിലും സി. എസ്. ബി. ബാങ്ക് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.

TAGS: Sebi |