വോഡാഫോൺ ഒമാനിൽ മൊബൈൽ സർവീസ് ആരംഭിക്കുന്നു

Posted on: September 9, 2019

മസ്‌ക്കറ്റ് : വോഡഫോൺ 2020 മുതൽ ഒമാനിലേക്ക് ടെലികോം സേവനങ്ങൾ വ്യാപിപ്പിക്കുന്നു. ഒമാൻ ഫ്യൂച്ചർ ടെലികമ്യൂണിക്കേഷനുമായി സഹകരിച്ചാണ് ഒമാനിലെ പ്രവർത്തനങ്ങൾ. വോഡാഫോൺ ഇതു സംബന്ധിച്ച് ഒമാൻ ഫ്യൂച്ചർ ടെലികമ്യൂണിക്കേഷനുമായി 15 വർഷത്തെ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ഒമാൻ 70 ഹോൾഡിംഗിന്റെ ഭാഗമാണ് ഒമാൻ ഫ്യൂച്ചർ ടെലികമ്യൂണിക്കേഷൻ. ഇതിനു പുറമെ റോയൽ ഒമാൻ ഗവൺമെന്റിന്റെ നിക്ഷേപവും പിന്തുണയും വോഡാഫോൺ ഒമാനിനുണ്ടായിരിക്കും.

രാജ്യത്തെ മൂന്നാമത്തെ ടെലികോം ഓപ്പറേറ്ററായ വോഡാഫോൺ ഒമാനെ സ്വാഗതം ചെയ്യുന്നതായി ഒമാനിലെ ഗതാഗത-ആശയവിനിമയ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ ഫുട്ടൈസി പറഞ്ഞു. വോഡാഫോണിന്റെ വരവോടെ ആശയവിനിമയ മേഖലയിലെ മത്സരം പുതിയ തലത്തിലേക്ക് ഉയരുമെന്നും ഉപഭോക്താക്കൾക്ക് കൂടുതൽ തെരഞ്ഞെടുപ്പുകൾക്കും യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.