വിന്റർ ഷെഡ്യൂളിൽ കേരളത്തിലേക്ക് പ്രതിദിനം 30 അധിക വിമാന സർവീസ്

Posted on: September 1, 2019

തിരുവനന്തപുരം : വിമാനക്കമ്പനികളുടെ ഒക്‌ടോബർ 27 മുതൽ ആരംഭിക്കുന്ന വിന്റർ ഷെഡ്യൂളിൽ കേരളത്തിലേക്ക് പ്രതിദിനം 30 അധിക വിമാന സർവീസ് ഉണ്ടാകും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സർവീസുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത വിമാനക്കമ്പനി പ്രതിനിധികളുടെ യോഗത്തിലാണ് കേന്ദ്ര വ്യോമയാന സെക്രട്ടറി പ്രദീപ് സിംഗ് ഖരോള ഇതു സംബന്ധിച്ച ഉറപ്പ് നൽകിയത്. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് ദിവസേന 5 അധിക സർവീസുകൾ ഉണ്ടാകും. മൂന്ന് മാസത്തിനുള്ളിൽ പുതിയ സർവീസുകൾ പ്രാബല്യത്തിൽ വരും.

ഉത്സവ സീസണിൽ മുൻകൂട്ടി അധിക ഫ്‌ളൈറ്റുകൾ ഏർപ്പെടുത്തിയാൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ കഴിയുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നിരക്ക് വർധന തടയാൻ വ്യോമയാനമന്ത്രാലയം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകരാമാണ് വിദേശ സർവീസിന് സീറ്റ് അനുവദിക്കുന്നത്. മിക്ക വിദേശ വിമാനക്കമ്പനികളും കരാർ പ്രകാരമുള്ള സീറ്റ് ക്വോട്ട പൂർണമായും ഉപയോഗിക്കുമ്പോൾ ഇന്ത്യൻ കമ്പനികൾക്ക് ക്വോട്ട തികയ്ക്കാൻ കഴിയുന്നില്ല. ഇതാണ് കൂടുതൽ വിദേശ സർവീസുകൾക്കുള്ള തടസമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി യോഗത്തിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ വിമാനത്താവളങ്ങളിലെ ലാൻഡിംഗ് ഫീ, പാർക്കിംഗ് ഫീ തുടങ്ങിയവ കുറയ്ക്കണമെന്ന് വിമാനക്കമ്പനികൾ യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം 2021 ലെ പരിഗണിക്കാൻ കഴിയൂ എന്ന് എയർപോർട്ട്‌സ് അഥോറിട്ടി ഓഫ് ഇന്ത്യ ചെയർമാൻ അനൂജ് അഗർവാൾ പറഞ്ഞു.

എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തർ എയർവേസ്, ഫ്‌ളൈ ദുബായ്, എയർ അറേബ്യ, ഒമാൻ എയർ, കുവൈറ്റ് എയർവേസ്, ഗൾഫ് എയർ, സിൽക്ക് എയർ, മെലിൻഡോ എയർ, എയർ ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ വിമാനക്കമ്പനികളുടെയും ഇൻഡിഗോ, വിസ്താര, സ്‌പൈസ്‌ജെറ്റ്, ഗോ എയർ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഏഷ്യ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

ചീഫ് സെക്രട്ടറി ടോം ജോസ്, കേന്ദ്ര വ്യോമയാന സെക്രട്ടറി ഉഷ പാഡി, സംസ്ഥാന വ്യോമയാന പ്രിൻസിപ്പൽ സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, സിയാൽ എംഡി വി.ജെ. കുര്യൻ, കിയാൽ എംഡി വി. തുളസീദാസ് തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.