ഐഎംഎഫ് ഇന്ത്യയുടെ വളർച്ചാനിരക്ക് കുറച്ചു

Posted on: July 24, 2019

മുംബൈ : അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്കിൽ 0.30 ശതമാനം കുറവ് വരുത്തി. നടപ്പു സാമ്പത്തിക വർഷത്തെ വിലയിരുത്തൽ 7.30 ശതമാനത്തിൽ നിന്ന് 7 ശതമാനമായാണ് കുറവ് വരുത്തിയത്. അടുത്ത സാമ്പത്തിക വർഷത്തെ വളർച്ചാ വിലയിരുത്തൽ 7.5 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായും കുറച്ചു. ആഭ്യന്തര ഉപഭോഗത്തിലുണ്ടായ കുറവ് കണക്കിലെടുത്താണ് രണ്ട് വർഷത്തെയും വളർച്ചാവിലയിരുത്തലുകളിൽ കുറവ് വരുത്തിയതെന്ന് ഐഎംഎഫ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

അതേസമയം അടുത്ത മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയ്ക്ക് 7.50 ശതമാനം വീതം വളർച്ച കൈവരിക്കാൻ കഴിയുമെന്നാണ് ലോക ബാങ്കിന്റെ വിലയിരുത്തൽ. വാഹനവില്പന ഉൾപ്പടെ രാജ്യത്തെ പല മേഖലകളിലും കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന മാന്ദ്യമാണ് വളർച്ചാനിരക്ക് പുനപരിശോധിക്കാൻ ഐഎംഎഫിനെ നിർബന്ധിതമാക്കിയത്.