ഇന്ത്യയുടെ വളർച്ച അടുത്ത വർഷം 11.5 ശതമാനമാകുമെന്ന് ഐഎംഎഫ്

Posted on: January 28, 2021

മുംബൈ: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 11.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.). കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് നടപ്പുസാമ്പത്തികവര്‍ഷം (2020-’21) മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളര്‍ച്ച എട്ടുശതമാനം ചുരുങ്ങുമെന്നും ലോക സമ്പദ് വ്യവസ്ഥയുടെ ഭാവിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഐ.എം.എഫ്. പറയുന്നു. ഈ വര്‍ഷം വളര്‍ച്ച 7.7 ശതമാനമായിരിക്കുമെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്.

രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തിരിച്ചുവരവ് അദ്ഭുതപ്പെടുത്തുന്നതായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് രണ്ടാം ക്വാര്‍ട്ടറില്‍ വളര്‍ച്ചാ ഇടിവ് 7.5 ശതമാനമാണ്. ഐ.എം.എഫ്. അടക്കം വിവിധ ഏജന്‍സികള്‍ പത്തുശതമാനത്തില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്. ഇതോടെ ഐ.എം.എഫ്. ഇന്ത്യയുടെ വളര്‍ച്ചാ ഇടിവ് അനുമാനം 7.7 ശതമാനമായി കുറച്ചിരുന്നു. ഇതാണ് എട്ടു ശതമാനത്തിലേക്ക് ഉയര്‍ത്തിയത്. ഓസ്‌ട്രേലിയ, ജപ്പാന്‍, കൊറിയ, ന്യൂസീലന്‍ഡ്, തുര്‍ക്കി, യു.എസ്. എന്നീ രാജ്യങ്ങളിലും സമ്പദ് വ്യവസ്ഥ അനുമാനിച്ചിരുന്നതിലും വേഗത്തില്‍ തിരിച്ചുവന്നുവെന്ന് ഐ.എം.എഫ്. വ്യക്തമാക്കി.

2021-’22 സാമ്പത്തികവര്‍ഷം 8.8 ശതമാനം വളര്‍ച്ചയാണ് മുന്റിപ്പോര്‍ട്ടില്‍ ഐ.എം.എഫ്. ഇന്ത്യയ്ക്ക് കണക്കാക്കിയിരുന്നത്. പുതിയ സാഹചര്യത്തിലിത് 11.5 ശതമാനമായി ഉയര്‍ത്തി. 2022-’23 സാമ്പത്തികവര്‍ഷം 6.8 ശതമാനമായിരിക്കുമിത്.

TAGS: IMF |