മലേഷ്യയില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കുന്നു

Posted on: July 5, 2019

ക്വലാലംപുര്‍ : മലേഷ്യയിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങാന്‍ ലുലു ഗ്രൂപ്പ് തയ്യാറെടുക്കുന്നു. മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോഹര്‍ ബാഹ്ര, മലാക്ക, കേത, സെലാങ്കൂര്‍ എന്നീ നഗരങ്ങളില്‍ ഉള്‍പ്പെടെ 2021 അവസാനത്തോടെ പത്ത് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂസഫലി മലേഷ്യന്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇവ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ അയ്യായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും യൂസഫലി അറിയിച്ചു.

ഇതിന്റെ ഭാഗമായി കേന്ദ്രീകൃത ലോജിസ്റ്റിക് സെന്ററും വെയര്‍ഹൗസും സ്ഥാപിക്കും. കഴിഞ്ഞവര്‍ഷം ഒരു കോടി യു. എസ്. ഡോളറിന്റെ (68 കോടി രൂപയോളം) ഉത്പന്നങ്ങളാണ് ലുലു മലേഷ്യയില്‍ നിന്നു കയറ്റുമതിചെയ്തത്. ഈ വര്‍ഷം ഒന്നരക്കോടി ഡോളറാണ് (100 കോടി രൂപയോളം) ലക്ഷ്യമിട്ടിരിക്കുന്നത്. പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിനായി മൂന്നു വര്‍ഷത്തിനുള്ളില്‍ 2100 കോടി രൂപ ലുലു ഗ്രൂപ്പ് മലേഷ്യയില്‍ മുതല്‍ മുടക്കുമെന്നും യൂസഫലി അറിയിച്ചു.

മലേഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്ന് മഹാതിര്‍ മുഹമ്മദ് യൂസഫലിയെ അറിയിച്ചു. ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ യോഗത്തില്‍ സംബന്ധിച്ച ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നല്‍കി. രാജ്യത്തിന്റെ സാമ്പത്തികമേഖല നിക്ഷേപകര്‍ക്ക് ഏറെ അനുകൂലമാണ്. രാജ്യത്ത് മുതല്‍ മുടക്കുന്നവര്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും മഹാതിര്‍ മുഹമ്മദ് പറഞ്ഞു.
മലേഷ്യയിലെ ലുലു ഗ്രൂപ്പിന്റെ രണ്ടാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് ക്വലാലംപുരില്‍ മലേഷ്യന്‍ വ്യാപാരമന്ത്രി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു. ഇതുള്‍പ്പെടെ നിലവില്‍ രണ്ടു ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ഗ്രൂപ്പിന് മലേഷ്യയിലുള്ളത് 2016- ലാണ് ആദ്യത്തേതു പ്രവര്‍ത്തനമാരംഭിച്ചത്.

ക്വലാലംപുര്‍ പുത്രജയയിലെ പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക കാര്യാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം. എ. സലീം, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം. ഡി. അദീബ്, അദീബ് അഹമ്മദ്, ലുലു മലേഷ്യ ഡയറക്ടര്‍ ആസിഫ് മൊയ്തു, റീജണല്‍ മാനേജര്‍ ഷിഹാബ് യൂസഫ് എന്നിവരും സംബന്ധിച്ചു. മലേഷ്യന്‍ രാജ്ഞി, അസീസ ആമിന, ആഭ്യന്തരമന്ത്രി മൊഹിയുദ്ദീന്‍ യാസിന്‍, നാലാമത്തെ വലിയ സംസ്ഥാനമായ പേരാകിന്റെ മുഖ്യമന്ത്രി അഹമ്മദ് ഫൈസല്‍ അസുമു എന്നിവരുമായും യൂസഫലി കൂടിക്കാഴ്ച നടത്തി.

TAGS: Lulu Group |