സർവീസ് മുടക്കം : ജെറ്റ് എയർവേസ് യാത്രക്കാർക്ക് നൽകാനുള്ളത് 3,500 കോടി

Posted on: April 12, 2019

മുംബൈ : സാമ്പത്തിക പ്രതിസന്ധി മൂലം വിമാനസർവീസുകൾ റദ്ദാക്കിയ വകയിൽ ജെറ്റ് എയർവേസ് യാത്രക്കാർക്ക് നൽകാനുള്ള നഷ്ടപരിഹാരം 3500 കോടി രൂപയിലേറെയായി. ജെറ്റ് എയർവേസിന്റെ രാജ്യാന്തര സർവീസുകൾ ഏതാണ്ട് പൂർണമായും നിലച്ചമട്ടാണ്. ലണ്ടൻ, ആംസ്റ്റർഡാം, പാരീസ് സർവീസുകൾ എല്ലാം കാൻസൽ ചെയ്തിട്ടുണ്ട്. ഇന്നലെ മാത്രം 10 വിമാനങ്ങൾ കൂടി സർവീസ് നിർത്തി.

വിമാനങ്ങളുടെ ലീസിംഗ് കുടിശിക കാരണമാണ് കൂടുതൽ വിമാനങ്ങൾ നിലത്തിറക്കേണ്ടി വന്നത്. ശമ്പളകുടിശിക കാരണം പൈലറ്റുമാരും നിസ്സഹകരണത്തിലാണ്. ഇതിനിടെ സ്ഥാപക ചെയർമാൻ നരേഷ് ഗോയൽ തന്റെ കൈവശമുള്ള 2.95 കോടി ഓഹരികൾ പഞ്ചാബ് നാഷണൽ ബാങ്കിൽ പണയപ്പെടുത്തിയ വാർത്തയും കമ്പനിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു. ജെറ്റ് എയർവേസ് വ്യോമയാന മേഖലയിൽ സൃഷ്ടിക്കുന്ന പ്രതിസന്ധി കേന്ദ്ര വ്യോമയാനമന്ത്രാലയം നിരീക്ഷിച്ചുവരികയാണ്.