ടാറ്റ കമ്പനികള്‍ 10 ഗ്രൂപ്പുകളായി തിരിക്കുന്നു

Posted on: March 5, 2019

മുംബൈ : ടാറ്റാ ഗ്രൂപ്പിലെ കമ്പനികളെ 10 വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിലും പ്രത്യേക തലവന്മാരെ നിയമിക്കാന്‍ മാതൃസ്ഥാപനമായ ടാറ്റാ സണ്‍സ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. നൂറിലേറെ കമ്പനികളെ ഇങ്ങനെ 10 ഗ്രൂപ്പായി തിരിക്കുന്നത് ഭരണ മേല്‍നോട്ടം എളുപ്പമാക്കും.

ടാറ്റാ സണ്‍സ് നിയമിക്കുന്ന ഗ്രൂപ്പ് മേധാവി ആ വിഭാഗത്തിലെ വിവിധ കമ്പനികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ബോര്‍ഡിലെ അംഗമാകണം ഗ്രൂപ്പ് മേധാവി എന്നു നിര്‍ബന്ധമില്ല. അതതു രംഗത്തെ വൈദഗ്ധ്യമായിരിക്കും കണക്കിലെടുക്കുക. ഗ്രൂപ്പിന്റെ ഘടന ലളിതമാക്കുന്നതിനെപ്പറ്റി ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പല തവണ സൂചിപ്പിച്ചിരുന്നു.

ഐടി വിഭാഗത്തില്‍ ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസ് (ടി സി എസ്), ടാറ്റ എല്‍ക്‌സി എന്നീ കമ്പനികളാണു മുഖ്യം. ടാറ്റാ സ്റ്റീല്‍ ആണ് ഉരുക്കു വ്യവസായ വിഭാഗത്തിലെ പ്രമുഖ സ്ഥാപനം. വാഹന വിഭാഗത്തില്‍ ടാറ്റാ മോട്ടോഴ്‌സ്, ജാഗ്വര്‍ ലാന്‍ഡ് ഓവര്‍, ടാറ്റ ഓട്ടോ കോംപ് സിസ്റ്റംസ് എന്നിവ ഉള്‍പ്പെടും. കണ്‍സ്യൂമര്‍ – റീട്ടെയില്‍ വിഭാഗത്തിലാണ് ടാറ്റാ കെമിക്കല്‍സ്, ടാറ്റാ ഗ്ലോബല്‍ ബവ്‌റിജസ്, ടൈറ്റന്‍, വോള്‍ട്ടാസ്, ഇന്‍ഫിനിറ്റി, ട്രെന്റ് തുടങ്ങിയവ.
ടാറ്റാ പവര്‍, ടാറ്റാ പ്രോജക്ട്‌സ്, ടാറ്റാ ഹൗസിംഗ്, ടാറ്റാ കണ്‍സല്‍റ്റിംഗ് എന്‍ജിനിയേഴ്‌സ്, ടാറ്റാ റിയല്‍റ്റി എന്നിവയൊക്കെ അടിസ്ഥാന സൗകര്യ വിഭാഗത്തില്‍ ഉള്‍പ്പെടും.

മറ്റു വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രധാന സ്ഥാപനങ്ങള്‍ – ടാറ്റ ക്യാപിറ്റല്‍, ടാറ്റ എഐഎ ലൈഫ്, ടാറ്റ എഐജി, ടാറ്റ അസറ്റ് മാനേജ്‌മെന്റ് എന്നിവ ധനസേവനത്തിലും ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് എയ്‌റോപേസ്, പ്രതിരോധം വിഭാഗത്തിലുള്‍പ്പെടുന്നു. വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ ടൂറിസം ആന്‍ഡ് ട്രാവല്‍സിലും ടാറ്റ കമ്യൂണിക്കേഷന്‍സ്, ടാറ്റസ്‌കൈ, ടാറ്റ ടെലി എന്നിവ ടെലികോമിലും ടാറ്റാ ഇന്റര്‍ നാഷനല്‍, ടാറ്റ ഇന്‍ഡസ്ട്രീസ്, ടാറ്റ ഇന്‍വസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ട്രേഡിംഗ്, ഇന്‍വെസ്റ്റ്‌മെന്റിലുമാണ് ഉള്‍പ്പെടുന്നത്.

TAGS: Tata | Tata Sons |