ജയലളിത മോചിതയായി

Posted on: October 18, 2014

J-Jayalalitha-CS-oct18-2014അനധികൃത സ്വത്തുസമ്പാദന കേസിൽ സുപ്രീം കോടതിയിൽ നിന്നും ഇടക്കാല ജാമ്യം ലഭിച്ച ജയലളിത ജയിൽ മോചിതയായി. ജയലളിതയെ ജാമ്യത്തിൽ വിടാനായി ബംഗലുരുവിലെ പ്രത്യേക കോടതി രാവിലെ ഉത്തരവ് ഇറക്കിയിരുന്നു. ഒരു കോടി രൂപയുടെ ആൾ ജാമ്യമാണ് കോടതി നിർദേശിച്ചിരുന്നത്. ജയലളിതയ്ക്കു വേണ്ടി രണ്ടു പേർ ജാമ്യക്കാരായി കോടതിയിലെത്തിയിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീർശെൽവവും മുതിർന്ന എഐഎഡിഎംകെ പ്രവർത്തകരും പരപ്പന അഗ്രഹാര ജയിലിൽ എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്നു മണി വരെ യമഖണ്ഡകാലമായതിനാൽ ഉച്ചകഴിഞ്ഞ് മൂന്നു മണിക്കു ശേഷമാണ് ജയലളിത പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് എയർപോർട്ടിലേക്കുള്ള 32 കിലോമീറ്റർ ദൂരം സുരക്ഷയ്ക്കായി 7,500 പോലീസുകാരെയാണ് വിന്യസിപ്പിച്ചിട്ടുള്ളത്. പ്രത്യേക വിമാനത്തിൽ വൈകുന്നേരം ആറുമണിയോടെ ജയലളിത ചെന്നൈയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

22 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജയലളിതയും തോഴി ശശികല നടരാജനും ഇളവരശിയും സുധാകരനും മോചിതരായത്. ജാമ്യത്തിനുള്ള സുപ്രീംകോടതി ഉത്തരവ് വെള്ളിയാഴ്ച പ്രത്യേക കോടതി പിരിയും മുമ്പ് എത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനാലാണ് ജയലളിതയ്ക്ക് വെള്ളിയാഴ്ച പുറത്തുവരാൻ കഴിയാതെ പോയത്.

ജയിൽ പരിസരത്തും വിമാനത്താവളത്തിലും കർശന സുരക്ഷയാണ് കർണാടക പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. ജയിൽ പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ജയിൽ പരിസരത്ത് ഇന്നലെ മുതൽ തടിച്ചുകൂടിയിരുന്ന ആയിരക്കണക്കിന് അണ്ണാഡിഎംകെ പ്രവർത്തകരെ പോലീസ് രണ്ടു കിലോമീറ്റർ അകലേക്കു മാറ്റി. പ്രവർത്തകരുമായി തമിഴ്‌നാട്ടിൽ നിന്നു വന്ന വാഹനങ്ങൾ ഹൊസൂരിൽ പോലീസ് തടയുകയും ചെയ്തു.