ഡല്‍ഹി സ്‌കൂളുകളില്‍ സംരഭകത്വ പ്രോത്സാഹന പദ്ധതി

Posted on: December 20, 2018


ന്യൂഡല്‍ഹി : സ്‌കൂള്‍ കുട്ടികളില്‍ സംരഭകത്വം പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പാഠ്യപദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍. പുതുതലമുറയെ തൊഴില്‍ അന്വേഷകരാകാതെ തൊഴില്‍ ദാതാക്കളാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.

സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി തലങ്ങളില്‍ അടുത്ത അക്കാദമിക് വര്‍ഷം മുതലാണ് പദ്ധതി നടപ്പിലാക്കുക. ഡല്‍ഹിയിലെ സ്‌കൂളുകളില്‍ നടപ്പിലാക്കിയ ഹാപ്പിനസ് കരിക്കുലം പോലെ നവീനമായ ആശയമാണ് തൊഴില്‍ സംരഭകത്വ പാഠ്യപദ്ധതിയെന്നും സിസോദിയ പറയുന്നു.

തുടക്കത്തില്‍ സര്‍ക്കാര്‍ സ്‌കൂളികളിലാണ് നടപ്പിലാക്കുക. വൈകാതെ സ്വകാര്യ സ്‌കൂളുകളിലും ഏര്‍പ്പെടുത്തും. 1,100 സര്‍ക്കാര്‍ സ്‌കൂളുകളിലെ ഏഴു ലക്ഷം കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

വ്യക്തിത്വ വികസനം, ആശയവിനിമയം, ആസൂത്രണം എന്നിവ അടിസ്ഥാനമാക്കിയാണു സംരഭകത്വ പാഠ്യപദ്ധതി തയ്യാറാക്കുക. വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചുള്ള സമിതിയാവും ഇതിന്റെ ചുമതലക്കാര്‍.

സംരഭകത്വ പാഠ്യപദ്ധതി സംബന്ധിച്ച് അഭിപ്രായം തേടി ജനുവരിയില്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും യോഗം സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കും.