പൊതുമേഖലയില്‍ 12 ബാങ്കുകള്‍ നഷ്ടത്തില്‍

Posted on: November 19, 2018

 

ന്യൂഡല്‍ഹി : നടപ്പ് സാമ്പത്തിക വര്‍ഷം ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ അറ്റ നഷ്ടം 14,716.19 കോടി രൂപ. 21 പൊതുമേഖല 12 എണ്ണവും നഷ്ടത്തിലാണ്. ഇവയുടെ മൊത്തം നഷ്ടം 17,046.84കോടി. ഒമ്പത് ബാങ്കുകളാണ് ലാഭത്തിലുള്ളത്. എന്നാല്‍, ഇവയുടെ അറ്റാദായം 2,330.65കോടി രൂപ മാത്രം. ഇതുകൂടി കണക്കിലെടുക്കുമ്പോഴാണ് രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ അറ്റനഷ്ടം  (17046.84-2330.65) 14,716.19 കോടി രൂപയാകുന്നത്.

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാര്‍ട്ടിലെ (ഏപ്രില്‍-ജൂണ്‍) 16,614.9കോടി രൂപയുടെ നഷ്ടത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നഷ്ടം ഏതാണ്ട് 2,000 കോടി രൂപ കുറക്കാന്‍ കഴിഞ്ഞു. 2018 ജനുവരി – മാര്‍ച്ച് പാദത്തിലായിരുന്നു റെക്കോഡ് നഷ്ടം -62,681.27 കോടി രൂപ. കിട്ടാക്കടം പൊതുമേഖല ബാങ്കുകളുടെ മൂലധന അടിത്തറയെ ദുര്‍ബലപ്പെടുത്തിയതിന് തെളിവാണ് തുടര്‍ച്ചയായുള്ള ഭീമന്‍ നഷ്ടം.

2018-19 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവുമധികം അറ്റനഷ്ടം പഞ്ചാബ് നാഷണല്‍ ബാങ്കിനാണ്. 4,532.35 കോടി രൂപയാണ് പി എന്‍ ബി യുടെ മൂന്നു മാസത്തെ നഷ്ടം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 560.58 കോടി രൂപയുടെ ലാഭത്തിലായിരുന്നു. പി എന്‍ ബി കിട്ടാക്കടത്തിനായി 7,733.27 കോടി രൂപ ഉള്‍പ്പടെ 9,757.90 കോടി രൂപയുടെ വകയിരുത്തലാണ് ബാങ്കിന്റെ നഷ്ടം ഉയര്‍ത്തിയത്.