പഞ്ചാബ് നാഷണൽ ബാങ്കിന് 100 ദശലക്ഷം ഉപഭോക്താക്കൾ

Posted on: April 9, 2018

കൊച്ചി : പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഉപഭോക്താക്കളുടെ എണ്ണം 100 ദശലക്ഷമെന്ന നാഴികക്കല്ലു പിന്നിട്ടു. 123 വർഷത്തെ ശക്തമായ പാരമ്പര്യമുള്ള ബാങ്കിൽ ഉപഭോക്താക്കൾ അർപ്പിച്ചു വരുന്ന ശക്തമായ വിശ്വാസവും ബാങ്കിന്റെ ശക്തമായ ബാലൻസ് ഷീറ്റുമാണ് ഇതിനു വഴി വെച്ചത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സാധിക്കും വിധം മറ്റു സബ്‌സിഡിയറികളിലെ ആസ്തികളുടെ പിൻബലമാണ് ഇതു സൂചിപ്പിക്കുന്നത്.

ബാങ്കിന്റെ ആഗോള ബിസിനസ് 11 ലക്ഷം കോടി രൂപയോളമാണ്. ആഭ്യന്തര ബിസിനസ് ആകട്ടെ 10 ലക്ഷം കോടി രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു. 2017-18 സാമ്പത്തിക വർഷത്തിൽ 7.9 ശതമാനം വാർഷിികാടിസ്ഥാന വളർച്ചയാണിതു കാട്ടുന്നത്. ആഭ്യന്തര നിക്ഷേപങ്ങൾ വാർഷികാടിസ്ഥാനത്തിൽ 6.2 ശതമാനം വളർച്ചയോടെ ആറു ലക്ഷം കോടി രൂപയ്ക്കു മുകളിൽ തുടരുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര വായ്പകൾ വാർഷികാടിസ്ഥാനത്തിൽ 9.9 ശതമാനം വളർച്ചയോടെ 4.30 ലക്ഷം കോടി രൂപയോളമായി. മുൻ വർഷം 3.1 ശതമാനം വളർച്ച മാത്രമായിരുന്നു കൈവരിച്ചത്. ആഭ്യന്തര നിക്ഷേപങ്ങളുടെ 43.9 ശതമാനം വിഹിതമുള്ള കറണ്ട്, സേവിംഗ്‌സ് അക്കൗണ്ടുകളുടെ കാര്യത്തിലും ബാങ്ക് മികച്ച നിലവാരം തുടരാനായിട്ടുണ്ട്. ബാങ്കിലെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾ 224109 ലക്ഷം കോടി രൂപയാണ്.

ചില തട്ടിപ്പുകൾ കണ്ടെത്തുകയും അത് അധികൃതർക്കു മുന്നിൽ റിപ്പോർട്ടു ചെയ്യുകയും ചെയ്ത അവസരത്തിൽ ഏത് ബാധ്യതയും നേരിടാനുള്ള ശക്തമായ ബാലൻസ് ഷീറ്റാണു തങ്ങൾക്കുള്ളതെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുനിൽ മേത്ത പറഞ്ഞു.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ വായ്പകൾ 9.9 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസക്കാലത്തുണ്ടായ ആശയക്കുഴപ്പങ്ങൾ ഉപഭോക്താക്കളുടേയോ ജീവനക്കാരുടേയോ ആത്മവിശ്വാസം നഷ്ടമാകുന്നതിനു കാരണമായിട്ടില്ല. അടിസ്ഥാന സൗകര്യ മേഖലയെ സാമ്പത്തിക മായി സഹായിക്കുന്ന വിധത്തിലുള്ള സാമൂഹ്യ പതിബദ്ധത തങ്ങൾക്കുണ്ട്. മൂലധന മാർഗത്തിലൂടെ സർക്കാർ നൽകുന്നതിന്റെ പത്തിരട്ടി പഞ്ചാബ് നാഷണൽ ബാങ്ക് തിരികെ നൽകുന്നുണ്ട്.

ബാങ്കിന്റെ മിഷൻ പരിവർത്തൻ പദ്ധതികളുടെ ഭാഗമായുള്ള നീക്കങ്ങളുടെ പ്രാഥമിക വിജയമാണ് ഇപ്പോഴത്തെ ഫലങ്ങൾ. റീട്ടെയ്ൽ ബിസിനസിനു നൽകിയ തന്ത്രപരമായ പ്രാധാന്യവും ബിസിനസ് മെച്ചപ്പെടുത്തുന്നതിന് സഹായകമായി. ബാങ്കിലെ വിവിധ തലങ്ങളിലുള്ള യുവാക്കളെ ഉൾപ്പെടുത്തിയാണ് മിഷൻ പരിവർത്തൻ നീക്കങ്ങൾ മുന്നോട്ടു പോകുന്നതെന്ന് അദേഹം പറഞ്ഞു.