ലുലു ഗ്രൂപ്പ് തിരുവനന്തപുരത്തെ വിവാന്ത ഹോട്ടൽ ഏറ്റെടുത്തു

Posted on: November 18, 2018

തിരുവനന്തപുരം : താജ് ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ വിവാന്ത ഫൈവ് സ്റ്റാർ ഹോട്ടൽ എം എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് സ്വന്തമാക്കി. 200 കോടിയിലേറെ രൂപയുടേതാണ് ഇടപാട്. ചെന്നൈ ആസ്ഥാനമായുള്ള ദോദ്‌ല ഇന്റർനാഷണൽ 2008 ൽ ആണ് 137 മുറികളുള്ള ഹോട്ടൽ നിർമ്മിച്ചത്. പിന്നീട് ഹോട്ടലിന്റെ നടത്തിപ്പ് കരാറടിസ്ഥാനത്തിൽ താജ് ഗ്രൂപ്പിന് നൽകുകയായിരുന്നു. കരാർ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഹോട്ടൽ ലുലു ഗ്രൂപ്പിന് വിൽക്കുകയായിരുന്നു.

തൈക്കാട് സി.വി. രാമൻപിള്ള റോഡിലാണ് ഏഴ് നിലയിലുള്ള ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഹോട്ടൽ ഏറ്റെടുത്ത ലുലു ഗ്രൂപ്പ് വൈകാതെ നവീകരണ ജോലികൾ ആരംഭിക്കും. 2019 പകുതിയോടെ ഹോട്ടലിന്റെ നടത്തിപ്പ് ചുമതല യുഎസിലെ ഹയാത്ത് ഹോട്ടൽ കോർപ്പറേഷന് കൈമാറും.