വിമാനദുരന്തം : 189 പേരും മരണമടഞ്ഞതായി ലയൺ എയർ

Posted on: October 29, 2018

ജക്കാർത്ത : ഇന്തോനേഷ്യയിൽ ഇന്നു രാവിലെയുണ്ടായി വിമാനദുരന്തത്തിൽ 189 പേർ മരണമടഞ്ഞതായി ലയൺ എയർ സ്ഥിരീകരിച്ചു. മൂന്ന് കുട്ടികൾ ഉൾപ്പടെ 181 യാത്രക്കാരും 8 വിമാനജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ദുരന്തത്തെക്കുറിച്ച് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യാത്രക്കാരിൽ 20 പേർ ഇന്തോനേഷ്യൻ ധനകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണെന്ന് ധനകാര്യമന്ത്രി ശ്രീ മുൾയാനി ഇന്ദ്രാവതി പറഞ്ഞു.

അപകടത്തിനിരയായവരുടെ ബന്ധുക്കൾക്ക് എല്ലാ സഹായവും നൽകുമെന്ന് ലയൺ എയർ പ്രസിഡന്റ് എഡ്വാർഡ് സിറെയ്റ്റ് പറഞ്ഞു. അപകടത്തെക്കുറിച്ച് വിവരം നൽകാൻ പ്രത്യേക കോൾ സെന്റർ തുറന്നിട്ടുണ്ട്. അപകടത്തിൽപ്പെട്ട വിമാനം സർവീസിന് യോഗ്യമായിരുന്നു. എല്ലാവിധ സുരക്ഷാ പരിശോധനകൾക്കും ശേഷമാണ് വിമാനം പുറപ്പെട്ടതെന്നും അദേഹം പറഞ്ഞു.

ഗ്രേറ്റർ ജക്കാർത്തയിലെ ടാൻജെറാംഗ് സൊക്കാർണോ – ഹട്ട ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഇന്നു രാവിലെ 6.20 ന് ബങ്കാ ബെലിടംഗ് ദ്വീപിലെ പങ്കൽ പിനാംഗിലേക്ക് പുറപ്പെട്ട ലയൺ എയറിന്റെ ബോയിംഗ് 737-8 മാക്‌സ് വിമാനമാണ് ജാവ കടൽ തകർന്നു വീണത്. ടേക്ക് ഓഫ് ചെയ്ത് 13 മിനിട്ടിനു ശേഷം വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഷെഡ്യൂൾ പ്രകാരം ഒരു മണിക്കൂറിന് ശേഷം 7.20 ന് പങ്കൽ പിനാംഗിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു.

വിമാനത്തിന്റെ രണ്ട് പൈലറ്റുമാരിൽ ഒരാൾ ഡൽഹി മയൂർ വിഹാർ സ്വദേശി ക്യാപ്റ്റൻ ഭവ്യെ സുനേജയാണ്. ബോയിംഗ് 737 വിമാനങ്ങളുടെ പൈലറ്റായി 2011 ൽ ആണ് ക്യാപ്റ്റൻ സുനേജ ലയൺ എയറിൽ ചേർന്നത്. ഏഴ് വർഷത്തെ സേവനത്തിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു 31 കാരനായ അദേഹം. 6,000 ലേറെ മണിക്കൂർ അപകടരഹിത ട്രാക്ക് റെക്കോഡുള്ള ക്യാപ്റ്റൻ സുനേജ എമിറേറ്റ്‌സിൽ പൈലറ്റ് ട്രെയിനിയായും പ്രവർത്തിച്ചിട്ടുണ്ട്. കോ-പൈലറ്റ് ഹർവിനോയ്ക്ക് 5000 മണിക്കൂറിലേറെ പറക്കൽ പരിചയമുണ്ടെന്ന് ലയൺ എയർ വ്യക്തമാക്കി.

ഫ്‌ളൈറ്റ് ഡാറ്റാ റെക്കോഡർ വീണ്ടെടുത്താൽ മാത്രമെ അപകടകാരണം അറിവാകുകയുള്ളുവെന്ന് ഇന്തോനേഷ്യയുടെ നാഷണൽ ട്രാൻസ്‌പോർട്ട് സേഫ്ടി കമ്മിറ്റി വ്യക്തമാക്കി. വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾ ജാവ കടലിന്റെ 35-40 മീറ്റർ ആഴത്തിലുള്ളതായി കണ്ടെത്തി. ദുരന്തമേഖലയിൽ കടലിൽ എണ്ണപ്പാട കാണപ്പെടുന്നുണ്ട്. രണ്ട് നോട്ടിക്കൽ മൈൽ ദൂരെ വരെ വിമാനവശിഷ്ടങ്ങൾ ഒഴുകി നടക്കുന്നതായി കണ്ടെത്തി. ശരീരാവശിഷ്ടങ്ങൾ, ലൈഫ് ജാക്കറ്റുകൾ, സെൽഫോൺ, തിരിച്ചറിയൽ കാർഡുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ തുടങ്ങിയ രക്ഷാപ്രവർത്തകർ വീണ്ടെടുത്തു.