ഇന്ത്യയിലും ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങൾ സർവീസ് നിർത്തി

Posted on: March 13, 2019

ന്യൂഡൽഹി : സമീപകാലത്ത് രണ്ട് വിമാനദുരന്തങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിൽ ഇന്ത്യയിലും ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങൾ സർവീസ് നിർത്തി. സുരക്ഷ ഉറപ്പാക്കും വരെ ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങൾ സർവീസ് നടത്തേണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദേശിച്ചു. സ്‌പൈസ്‌ജെറ്റിന് 13 ഉം ജെറ്റ് എയർവേസിന് അഞ്ചും ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങളാണുള്ളത്. ഡിജിസിഎയുടെ നിർദേശം വന്നതിനു പിന്നാലെ സ്‌പൈസ്‌ജെറ്റ് ഓഹരിവിലയിൽ 8 ശതമാനം ഇടിവുണ്ടായി.

ചൈന, എത്യോപ്യ, ഇന്തോനേഷ്യ, സിംഗപ്പൂർ, ദക്ഷിണകൊറിയ, മലേഷ്യ, ഓസ് ട്രേലിയ, കീമാൻ ദ്വീപുകൾ, മംഗോളിയ തുടങ്ങിയ രാജ്യങ്ങളും ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ആഗോളതലത്തിൽ 350 ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ആയിരത്തിലേറെ വിമാനങ്ങൾക്കുള്ള ഓർഡർ ബോയിംഗിന് ലഭിച്ചിട്ടുമുണ്ട്. ഏപ്രിലിന് മുമ്പ് വിമാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ ബോയിംഗിനോട് നിർദേശിച്ചിട്ടുണ്ട്.