ഗതാഗതകുരുക്കിൽ പറന്നകന്ന മരണം

Posted on: October 29, 2018

ജക്കാർത്ത : ഗതാഗതകുരുക്കിനെ ശപിക്കാൻ വരട്ടെ. ഭാഗ്യം ഗതാഗതകരുക്കിന്റെ രൂപത്തിലും വരും. ജക്കാർത്തയിലെ കുപ്രസിദ്ധമായ റോഡ് ബ്ലോക്ക് മൂലം വിമാനദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മഹാഭാഗ്യവാനാണ് ഇന്ന് ഇന്തോനേഷ്യയിലെ താരം

ലയൺ എയർ വിമാനത്തിൽ ഇന്നു രാവിലെ പങ്കൽ പിനാംഗിലേക്ക് പോകാൻ സോണി സെറ്റിയാവാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ ഗതാഗത കരുക്ക് മൂലം സോണിക്ക് കൃത്യസമയത്ത് ഗ്രേറ്റർ ജക്കാർത്തയിലെ ടാൻജെറാംഗ് സൊക്കാർണോ – ഹട്ട ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേരാനായില്ല. സോണി എയർപോർട്ടിൽ എത്തിയപ്പോഴേക്കും ലയൺ എയർ ഫ്‌ളൈറ്റ് ജെടി 610 പറന്നുയർന്നിരുന്നു.

ടേക്ക് ഓഫ് ചെയ്ത് 13 മിനിട്ടിനു ശേഷം 5,000 അടിക്ക് ഉയരത്തിൽ വച്ച് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. മാർഗതടസമുണ്ടായില്ലെങ്കിൽ ജാവ സമുദ്രത്തിന്റെ അഗാധതയിലേക്ക് മറഞ്ഞ 189 ഹതഭാഗ്യരുടെ കൂട്ടത്തിൽ സോണിയുമുണ്ടാവുമായിരുന്നു. ദുരന്തവാർത്തയറിയാതെ സോണി മറ്റൊരു വിമാനത്തിൽ പങ്കൽ പിനാംഗിലേക്ക് പോയി. വിമാനം ഇറങ്ങിയപ്പോൾ മാത്രമാണ് താൻ വൻദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട വിവരം അദേഹം അറിഞ്ഞത്.