എത്യോപ്യൻ എയർലൈൻസ് വിമാനം തകർന്ന് 157 പേർ മരണമടഞ്ഞു

Posted on: March 10, 2019

ആഡിസബാബ : എത്യോപ്യൻ എയർലൈൻസ് വിമാനം തകർന്നു വീണ് 157 പേർ മരണമടഞ്ഞു. നാല് ഇന്ത്യക്കാർ ഉൾപ്പടെ 149 യാത്രക്കാരും 8 വിമാനജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എത്യോപ്യൻ തലസ്ഥാനമായ ആഡിസബാബയിൽ നിന്നും കെനിയൻ തലസ്ഥാനമായ നൈറോബിയിലേക്ക് പുറപ്പെട്ട ഫ്‌ളൈറ്റ് ഇടി 302 ടേക്ക് ഓഫ് ചെയ്ത് ആറ് മിനിട്ടിനുള്ളിൽ തകർന്നു വീഴുകയായിരുന്നു. ആഡിസബാബയിൽ നിന്നും 60 കിലോമീറ്റർ അകലെ ബിഷോഫ്ടുവിലാണ് വിമാനം തകർന്നുവീണത്. പ്രാദേശിക സമയം 8.44 ന് ബോയിംഗ് 737 മാക്‌സ് 8 വിമാനം തകർന്നുവീണത്. അപകടകാരണം അറിവായിട്ടില്ല.

തകർന്നുവീണ വിമാനത്തിലെ 32 യാത്രക്കാർ കെനിയൻ പൗരൻമാരാണ്. കാനഡ (18), എത്യോപ്യ (9), ചൈന (8), ഇറ്റലി (8), യുകെ (7), ഫ്രാൻസ് (7), ഈജിപ്ത് (6), നെതർലൻഡ് (5) തുടങ്ങിയ 33 രാജ്യങ്ങളിൽ നിന്നുള്ളവർ അപകടത്തിൽ മരണമടഞ്ഞതായി എത്യോപ്യൻ എയർലൈൻസ് വ്യക്തമാക്കി.

കഴിഞ്ഞ നവംബറിലാണ് അപകടത്തിൽപ്പെട്ട വിമാനം ഡെലിവറി ലഭിച്ചത്. സാങ്കേതിക തകരാറുകൾ മൂലം ആഡിസബാബയിലേക്ക് മടങ്ങാൻ പൈലറ്റ് അനുമതി തേടിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.