ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ എം എ യൂസഫലിക്ക് ഓഹരിപങ്കാളിത്തം

Posted on: October 4, 2014

M-A-Yusaf-Ali-CSപ്രമുഖ പ്രവാസി വ്യവസായി പദ്മശ്രീ എം എ യൂസഫലിക്ക് ലണ്ടൻ ആസ്ഥാനമായുള്ള ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ഓഹരി പങ്കാളിത്തം. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ 10 ശതമാനവും ഈസ്റ്റ് ഇന്ത്യ ഫൈൻ ഫുഡ്‌സിൽ 40 ശതമാനവും ഓഹരിപങ്കാളിത്തമാണ് ഇപ്പോൾ ലണ്ടനിലുള്ള എം എ യൂസഫലി ലക്ഷ്യമിടുന്നത്. ഇടപാട് അടുത്തയാഴ്ച പൂർത്തിയാകും. ഓഹരിപങ്കാളിത്തത്തിനുള്ള മുതൽമുടക്ക് ലുലു ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടില്ല.

തേയില, കാപ്പി, ചോക്‌ലേറ്റ്, ബിസ്‌ക്കറ്റ്‌സ്, ജാം, പഞ്ചസാര, ഉപ്പ്, അച്ചാർ തുടങ്ങിയ നിരവധി പ്രീമിയം ഉത്പന്നങ്ങളാണ് ഈസ്റ്റ് ഈസ്റ്റ് ഇന്ത്യ ഫൈൻ ഫുഡ്‌സ് പുറത്തിറക്കുന്നത്. കോമൺവെൽത്ത് രാജ്യങ്ങളിൽ ഈസ്റ്റ് ഇന്ത്യ ഫൈൻ ഫുഡ്‌സ് വൻ വികസനത്തിന് തയാറെടുക്കുകയാണ്. യുഎഇ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽ ഈസ്റ്റ് ഇന്ത്യ ഫൈൻ ഫുഡ്‌സിന് ഇപ്പോൾ സാന്നിധ്യമുണ്ട്. ഓൺലൈൻ വിപണിയിലും സജീവമാണ്.

EAST-INDIA-COMPANY-Logo-bigഒരു കാലത്ത് ഇന്ത്യ ഭരിക്കുകയും രാജ്യാന്തര വാണിജ്യത്തിന്റെ പകുതിയിലേറെയും നിയന്ത്രിച്ചിരുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്. 1600 ൽ എലിസബത്ത് രാജ്ഞി (ഒന്ന്)യുടെ ഉത്തരവു പ്രകാരമാണ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത്. ഇന്ത്യൻ വംശജനായ സഞ്ജീവ് മേത്ത 2010 ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിയന്ത്രണം, ഇംഗ്ലീഷുകാരുടെ ഉടമസ്ഥതയിൽ നിന്നും ഏറ്റെടുത്തിരുന്നു.

ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഓഹരിപങ്കാളിത്തം അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി ഉയർത്താനും ലുലു ഗ്രൂപ്പിന് പരിപാടിയുണ്ട്. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയ്ക്കും ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ഓഹരിപങ്കാളിത്തമുണ്ട്.