പ്രളയദുരിതം തുടരുന്നു ; ഭക്ഷണവും വെള്ളവും കിട്ടാതെ ആയിരങ്ങൾ, മരണസംഖ്യ 29

Posted on: August 18, 2018

തിരുവനന്തപുരം : സംസ്ഥാനത്ത് നാലാം ദിവസവും പ്രളയദുരിതം തുടരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും വെള്ളവും കിട്ടാതെ ആയിരങ്ങളാണ് കഴിയുന്നു. ഇന്നു മാത്രം മരിച്ചത് 29 പേരാണ്. എറണാകുളം കുത്തിയതോട് പള്ളിയിൽ മതിൽ ഇടിഞ്ഞ് വീണ് 6 പേർ മരിച്ചു. സംസ്ഥാനത്തെ റെയിൽഗതാഗതം ഇന്നും താറുമാറായി. എംസി റോഡിൽ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.

പാണ്ടനാട് ഇപ്പോഴും ആയിരങ്ങൾ ഒറ്റപ്പെട്ടനിലയിലാണ്. പാണ്ടനാട് നാല് മൃതദേഹങ്ങൾ കണ്ടെടുത്തു. ചെങ്ങന്നൂരിൽ എൻഡിആർഎഫ് രക്ഷാപ്രവർത്തനം തുടരുകയാണ്. കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുകയാണ്. അച്ചൻകോവിലാർ കരകവിഞ്ഞ് ഒഴുകുന്നതിനാൽ പന്തളം ടൗൺ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

കക്കി, ആനത്തോട് അണക്കെട്ടുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. പമ്പ തീരത്ത് വീണ്ടും ജലനിരപ്പ് ഉയരുമെന്ന ആശങ്കയുണ്ട്. മീനച്ചിലാർ കരകവിഞ്ഞതിനെ തുടർന്ന് കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങളും അപ്പർ കുട്ടനാടും വൈക്കവും തലയോലപ്പറമ്പും വെള്ളത്തിനടിയിലാണ്.

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് കുറഞ്ഞുതുടങ്ങി. തൃശൂരിലെ മുഴുവൻ റവന്യു ജീവനക്കാരോടും നാളെ ജോലിക്ക് ഹാജരാകാൻ കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS: Kerala Floods |