പ്രളയക്കെടുതി : കേരളത്തിൽ ഇന്ന് മാത്രം 29 മരണം

Posted on: August 15, 2018

തിരുവനന്തപുരം : കനത്തമഴയിലും വെള്ളപ്പൊക്കത്തിലും കേരളത്തിൽ ഇന്നു മാത്രം 29 പേർ മരണമടഞ്ഞു. ഏഴ് പേരെ കാണാതായി. മലപ്പുറം പെരിങ്ങാവിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് 9 പേർ മരിച്ചു. എറണാകളും, വയനാട് ജില്ലകളിൽ 18,000 പേർ വീതം ദുരിതാശ്വാസക്യാമ്പുകളിലുണ്ട്. ആയിരക്കണക്കിനാളുകൾ മറ്റ് ജില്ലകളിലെ ക്യാമ്പുകളിലുമുണ്ട്.

റോഡ്, റെയിൽ, വ്യോമഗതാതം താറുമാറായി. പലയിടത്തും ഉരുൾപൊട്ടി. കാസർഗോഡ് ഒഴികെ മറ്റ് 13 ജില്ലകളിലെയും പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

മുല്ലപ്പെരിയാറിൽ നിന്നുള്ള ജലപ്രവാഹം കരകവിഞ്ഞതോടെ ഏലപ്പാറ ചപ്പാത്ത് വഴിയുള്ള ഗതാഗതം നിലച്ചു. കുട്ടിക്കാനം – കട്ടപ്പന റൂട്ടിലെ പ്രധാനപാലമാണ് ചപ്പാത്ത്. മുല്ലപ്പെരിയാർ ഉച്ചയോടെ തന്നെ പരമാവധി സംഭരണശേഷി പിന്നിട്ടിരുന്നു. ഡാമിന്റെ സ്പിൽവേയുടെ 13 ഷട്ടറുകളും തുറന്നിരിക്കുകയാണ്.

പെരിയാറിലെ ജലനിരപ്പ് 80 സെന്റീമീറ്റർ കൂടി ഉയർന്നാൽ ആലുവ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെയ്ക്കും. തൃശൂരിനും എറണാകുളത്തിനും മധ്യേ റെയിൽവേ വേഗ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ തിരുവനന്തപുരത്തേക്കും ബംഗലുരുവിലേക്കും വഴി തിരിച്ചുവിട്ടു. വിമാനത്താവളത്തിന്റെ മതിൽ പൊളിച്ച് റൺവേയിലെ വെള്ളം ഒഴിക്കികളയാനുള്ള ആലോചനയിലാണ് അധികൃതർ.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഓണപ്പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ആരോഗ്യ സർവകലാശാല പ്രഖ്യാപിച്ചിരുന്നു പരീക്ഷകളും മാറ്റിവെച്ചു.

TAGS: Kerala Floods |