കേരള പ്രളയ ഭീഷണിയിൽ : സ്ഥിതിഗതികൾ നിയന്ത്രണാതീതം

Posted on: August 15, 2018

തിരുവനന്തപുരം : കേരളത്തിൽ പ്രളയ ഭീഷണി നിയന്ത്രണാതീതമായി. സംസ്ഥാനത്തെ പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. മരണസംഖ്യ ഇന്ന് മാത്രം 7 ആയി. സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 14 ജില്ലകളിലും അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പോലീസിനും ദുരന്ത നിവാരണസേനയ്ക്കും പുറമെ കര, വ്യോമ, നാവിക സേനകൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടുതൽ കേന്ദ്രസേനയെ അയയ്ക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ അഞ്ച് ജില്ലകളിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയായി. സ്പിൽവേയിലെ 13 ഷട്ടറുകളിലൂടെയും വെള്ളം ഒഴുകുകയാണ്. ഇടുക്കിയിലെ ജലനിരപ്പ് 2,399 അടിയാണ്. ഇടമലയാറിലെ ജലനിരപ്പ് 169.19 അടിയായി. മാട്ടുപ്പെട്ടി ഡാമിൽ നിന്ന് കൂടുതൽ വെള്ള തുറന്നുവിടും.

മൂന്നാർ പൂർണമായും ഒറ്റപ്പെട്ടു. 1500 ഓളം പേരെ ദുരിതാശ്വാസക്യാമ്പുകളിലേക്് മാറ്റി. ദുരന്തനിവാരണ സേനയുടെയും സൈന്യത്തിന്റെ ഓരോ യൂണിറ്റുകൾ മൂന്നാറിൽ രക്ഷാപ്രവർത്തനം നടത്തിവരുന്നു.

പമ്പ ത്രിവേണി പൂർണമായും വെള്ളത്തിനടിയിലാണ്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ശബരിമല തീർത്ഥാനം ഭക്തർ ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.

മഴക്കെടുതികളിൽ ഓഗസ്റ്റ് 9 ന് ശേഷം മരണമടഞ്ഞവരുടെ എണ്ണം 42 ആയി. അപ്പർ കുട്ടനാടും പ്രളയ ഭീതിയിലാണ്.

TAGS: Kerala Floods |