എസ് ബി ഐക്ക് 4876 കോടി നഷ്ടം

Posted on: August 11, 2018

ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ 4876 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ 2006 കോടി രൂപ ലാഭം നേടിയിരുന്ന സ്ഥാനത്താണിത്. കിട്ടാകടത്തിനു പുറമെ, ശമ്പള പരിഷ്‌കരണത്തിനു വേണ്ടി കൂടുതല്‍ തുക മാറ്റി വയ്‌ക്കേണ്ടിവന്നതും കടപ്പത്രങ്ങളുടെ പലിശ ഉയര്‍ന്നതുമൂലമുള്ള നഷ്ടവും ഇക്കുറി ബാങ്കിനെ പ്രതിസന്ധിയിലാക്കി.

എന്നാല്‍ തൊട്ടുമുന്‍പത്തെ മൂന്നുമാസത്തേക്കാള്‍ നഷ്ടം കുറഞ്ഞിട്ടുണ്ട്. ജനുവരി – മാര്‍ച്ച് കാലയളവില്‍ 7718 കോടി രൂപയായിരുന്നു നഷ്ടം. കിട്ടാകടത്തിന്റെ അളവും ജനുവരി – മാര്‍ച്ച് കാലത്തേക്കാള്‍ കുറവാണ്. ഈ പാദത്തിലെ  മൊത്തം വായ്പകളുടെ 5.29% വരും കിട്ടാക്കടം. മുന്‍പാദത്തില്‍ 5.73% ആയിരുന്നു.

മൊത്തം വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. 62,911 കോടി രൂപയായിരുന്നത് 65,493 കോടി രൂപയായി. മുന്‍ കൊല്ലത്തെ അപേക്ഷിച്ച് കിട്ടാകടത്തിന്റെ അളവും കുറഞ്ഞു. 99236 കോടിയാണ് ഇക്കുറി. 2017 ല്‍ ഇതേ സമയം 107560 കോടിയായിരുന്നു. മൊത്തം കിട്ടാക്കടം 212840 കോടിയാണ്. മൊത്തം വായ്പകളുടെ 10.69% ആണിത്. മുന്‍ കൊല്ലം ഇതേ പാദത്തിലേക്കാള്‍ കുറഞ്ഞു.

ഈ സാമ്പത്തികവര്‍ഷത്തിലെ അവസാന മൂന്നുമാസം (2019 ജനുവരി – മാര്‍ച്ച്) ബാങ്ക് ലാഭം രേഖപ്പെടുത്തുമെന്നും 2018-19 ലെ മൊത്തം കണക്കും ലാഭത്തില്‍ത്തന്നെയാകുമെന്നും ബാങ്ക് മേധാവി രജ്‌നീഷ് കുമാര്‍ പറഞ്ഞു. ഒക്‌ടോബര്‍ – നവംബര്‍ പാദം മുതല്‍ തന്നെ കാര്യമായ നേട്ടം പ്രതീക്ഷിക്കാം. എസ്ബിഐ കാര്‍ഡ്, എസ്ബിഐ ജനറല്‍, എസ്ബിഐ മ്യൂചല്‍ ഫണ്ട്, യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനി എന്നിവയിലെ ഓഹരി ഭാഗികമായി വിറ്റഴിക്കാന്‍ ആലോചിക്കുന്നുണ്ട്. ബാങ്കിന്റെ ഓഹരിവില ഇന്നലെ 5% ഇടിഞ്ഞ് 10709 രൂപയിലെത്തി.