ഇന്ത്യന്‍ കുതിപ്പ് തുടരുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്

Posted on: July 20, 2018

ന്യൂഡല്‍ഹി : ചൈനയെ മറികടന്ന്, ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി അടുത്ത രണ്ടു വര്‍ഷവും തുടരുമെന്ന് ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്കിന്റെ (എഡിബി) റിപ്പോര്‍ട്ട്. 2018-19 സാമ്പത്തികവര്‍ഷം 7.3 ശതമാനമായും വളര്‍ച്ചാനിരക്കു കൂടും.

ഇതേ സമയം ചൈനയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 6.6 ശതമാനമായും 2019 -ല്‍ 6.4 ശതമാനമായും കുറയും. നിലവില്‍ 6.9 ആണ് ചൈനയുടെ വളര്‍ച്ചാ നിരക്ക്. പൊതുചെലവു വര്‍ദ്ധിക്കുന്നതും സ്വകാര്യ നിക്ഷേപം കൂടുന്നതും രാജ്യത്തിന് അനുകൂല ഘടകങ്ങളാണെന്ന് ബാങ്കിന്റെ ഏഷ്യന്‍ വികസന കാഴ്ചപ്പാടു രേഖയില്‍ ചൂണ്ടിക്കാട്ടുന്നു.

ബാങ്കിംഗ് സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഫലം കാണുന്നതോടെ സ്വകാര്യ നിക്ഷേപത്തില്‍ വര്‍ദ്ധനയുണ്ടാകും. ചരക്കു, സേവന നികുതിയുടെ സദ്ഫലങ്ങളും വരും വര്‍ഷങ്ങളില്‍ ദൃശ്യമാകും.

എന്നാല്‍ എണ്ണവില വര്‍ദ്ധിക്കുന്നത് വളര്‍ച്ചാനിരക്കിനെ ഗുരുതരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന ക്വാര്‍ട്ടറില്‍ (ജനുവരി- മാര്‍ച്ച്) വളര്‍ച്ചാനിരക്ക് 7.7 ശതമാനത്തിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. 2016നു ശേഷമുള്ള ഏറ്റവും വലിയ വളര്‍ച്ചാനിരക്കാണിത്.

ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ അല്‍പംകൂടി ഉയര്‍ന്ന് 6.7 ശതമാനത്തിലെത്തുമെന്നും നോട്ട് നിരോധനം മൂലമുണ്ടായ പ്രശ്‌നങ്ങള്‍ ഇല്ലാതാകുന്നതോടെ ഉപഭോഗത്തില്‍ വളര്‍ച്ചയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.