പവൻ ഹാൻസ് ഓഹരിവില്പന തീരുമാനം ഒരാഴ്ചയ്ക്കുള്ളിലെന്ന് സർക്കാർ

Posted on: August 10, 2017

ന്യൂഡൽഹി : പൊതുമേഖല ഹെലികോപ്ടർ ഓപറേറ്റിംഗ് കമ്പനിയായ പവൻ ഹാൻസിന്റെ ഓഹരിവില്പന സംബന്ധിച്ച തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ കൈക്കൊള്ളുമെന്ന് കേന്ദ്രസർക്കാർ. സിവിൽ ഏവിയേഷൻ മന്ത്രാലയം ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കിവരികയാണ്. കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര കാബിനറ്റ് കമ്മിറ്റി ഓഹരിവില്പനയ്ക്ക് അംഗീകാരം നൽകിയത്.

ലാഭകരമായി പ്രവർത്തിക്കുന്ന പവൻ ഹാൻസിൽ കേന്ദ്രസർക്കാരിന് 51 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. 1985 ൽ പ്രവർത്തനമാരംഭിച്ച പവൻ ഹാൻസിന്റെ ഫ്‌ളീറ്റിൽ 40 ഹെലികോപ്ടറുകളാണുള്ളത്. 900 ജീവനക്കാരുമുണ്ട്. പവൻ ഹാൻസിനെ ഒഎൻജിസിയുമായി ലയിപ്പിക്കണമെന്നാണ് ജീവനക്കാരുടെ നിലപാട്.