എയർപോർട്ട്‌സ് അഥോറിട്ടി ഓഹരികൾ ലിസ്റ്റ് ചെയ്യും

Posted on: November 10, 2014

Airports-Authority-Logo-big

എയർപോർട്ട്‌സ് അഥോറിട്ടി ഓഫ് ഇന്ത്യ (എഎഐ)യുടെയും പവൻഹാസിന്റെയും ഓഹരികൾ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. വൈകാതെ സമഗ്രമായ സിവിൽ ഏവിയേഷൻ നയം പ്രഖ്യാപിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, മെയിന്റനൻസ്, റീജണൽ എയർകണക്ടിവിറ്റി തുടങ്ങിയ കാര്യങ്ങൾ നയത്തിൽ വിശദമായി പ്രതിപാദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ 125 വിമാനത്താവളങ്ങൾ നിയന്ത്രിക്കുന്ന സ്ഥാപനമാണ് എഎഐ. ഇവയിൽ 11 അന്താരാഷ്ട്ര വിമാനത്താവളങ്ങളും 81 ആഭ്യന്തരവിമാനത്താവളങ്ങളുമുണ്ട്. കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവങ്ങൾ എയർപോർട്ട് അഥോറിട്ടിയുടെ നിയന്ത്രണത്തിലാണ്.

2013 മാർച്ച് 31 ലെ കണക്കു പ്രകാരം 656.56 കോടിയാണ് എഎഐയുടെ മൂലധനം. കരുതൽധനം 8,174.58 കോടി രൂപ. വരുമാനം 6917.38 കോടി രൂപ. നികുതിക്ക് ശേഷമുള്ള ലാഭം 734.99 കോടി രൂപ. 18,537 പേരാണ് എഎഐയിൽ ജോലിചെയ്യുന്നത്.

ഹെലികോപ്ടർ കമ്പനിയായ പവൻഹാൻസിന്റെ 245.61 കോടി രൂപ ഓഹരി മൂലധനത്തിൽ 51 ശതമാനം കേന്ദ്രഗവൺമെന്റിന്റെയും 49 ശതമാനം ഒഎൻജിസിയുടെയും ഉടമസ്ഥതയിലാണ്. 54 ഹെലികോപ്ടറുകളാണ് പവൻഹാൻസിനുള്ളത്. 2011-12 ൽ പവൻഹാൻസ് 438 കോടി രൂപ വിറ്റുവരവും 10.35 കോടി രൂപ അറ്റാദായവും നേടിയിട്ടുണ്ട്.