മുംബൈ ഹെലികോപ്ടർ അപകടം : മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു

Posted on: January 13, 2018

മുംബൈ : ഒഎൻജിസി ജീവനക്കാരുമായി പോയ പവൻഹാൻസ് ഹെലികോപ്ടർ കടലിൽ തകർന്നുവീണ് ഏഴ് പേരെ കാണാതായി. രണ്ട് പൈലറ്റുമാരും 5 ഒഎൻജിസി ജീവനക്കാരുമാണ് കോപ്ടറിലുണ്ടായിരുന്നത്. തൃശൂർ ചാലക്കുടി സ്വദേശി വി.കെ. ബാബുവിന്റേത് ഉൾപ്പടെ മൂന്ന് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. കോതമംഗലം സ്വദേശി ജോസ് ആന്റണിയും തകർന്ന കോപ്ടറിലുണ്ടായിരുന്നതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. നേവിയും കോസ്റ്റ്ഗാർഡും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു.

ജുഹു എയർപോർട്ടിൽ നിന്നും രാവിലെ 10.14 ന് പുറപ്പെട്ട ഹെലികോപ്ടർ 11 മണിയോടെ മുംബൈ ഹൈയിലെ ഒഎൻജിസിയുടെ നോർത്ത്ഫീൽഡിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ പറന്ന് ഉയർന്ന് 30 നോട്ടിക്കൽ മൈൽ അകലെ എത്തിയപ്പോൾ സിഗ്‌നൽ നഷ്ടമാകുകയായിരുന്നു.

കോപ്ടർ ദുരന്തത്തിൽ രാഷ് ട്രപതി രാംനാഥ് കോവിന്ദ്, വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ എന്നിവർ അനുശോചനം രേഖപ്പെടുത്തി.