സ്വർണം ഇറക്കുമതി : ചുങ്കം ഇളവ് ഉടനില്ലെന്ന് നിർമല സീതാരാമൻ

Posted on: September 10, 2014

Nirmala-Sitharaman-CS

സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാൻ ഉടനെ ഉദേശമില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിർമല സീതാരാമൻ. കറന്റ് അക്കൗണ്ട് കമ്മി കുറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ നീക്കുന്ന കാര്യം ഗവൺമെന്റ് ആലോചിച്ചിട്ടില്ല. ഇറക്കുമതി നികുതി കാരണമാണ് കള്ളക്കടത്തു വർധിച്ചതെന്നു പറയാനാവില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

കറന്റ് അക്കൗണ്ട് കമ്മി വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് യുപിഎ സർക്കാർ സ്വർണത്തിന് 10 ശതമാനം ഇറക്കുമതി നികുതി ഏർപ്പെടുത്തിയത്. നികുതി ഏർപ്പെടുത്തിയതോടെ ഇറക്കുമതി 2012-13 ലെ 845 ടണ്ണിൽ നിന്ന് 2013-14 ൽ 638 ടണ്ണായി കുറഞ്ഞു. റിസർവ് ബാങ്കും സ്വർണം ഇറക്കുമതിക്കു കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു.

അതേസമയം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം  കള്ളക്കടത്ത് സ്വർണം പിടികൂടപ്പെടുന്നുണ്ട്. 2012-13 ൽ സ്വർണക്കള്ളക്കടത്തു കേസുകളുടെ എണ്ണം 869 ആയിരുന്നെങ്കിൽ നിയന്ത്രണങ്ങൾ വന്നശേഷം 2013-14 ൽ 2,441 കേസുകളായി വർധിച്ചു.