അഞ്ച് ലക്ഷം വരെ ആദായനികുതി ഇല്ല ; കർഷകരുടെ വരുമാനം ഇരട്ടിയാക്കും

Posted on: February 1, 2020

ന്യൂഡൽഹി : അഞ്ച് ലക്ഷം രൂപ വരെ ഇനി ആദായനികുതി ഇല്ല. അഞ്ച് മുതൽ ഏഴരലക്ഷം വരെയുള്ള വരുമാനത്തിന്റെ നികുതി നിലവിലുള്ള 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു. ഏഴര ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള വരുമാനത്തിന്റെ നികുതി 20 ശതമാനത്തിൽ നിന്ന് 15 ശതമാനമായും 10 ലക്ഷം മുതൽ 12.5 ലക്ഷം വരെയുള്ള വരുമാനത്തിന്റെ നികുതി നിലവിലുള്ള 30 ശതമാനത്തിൽ നിന്ന് 20 ശതമാനമായും കുറച്ചു.

12.50 ലക്ഷം മുതൽ 15 ലക്ഷം വരെയുള്ള വരുമാനത്തിന്റെ നികുതി 30 ശതമാനത്തിൽ നിന്ന് 25 ശതമാനമായും കുറച്ചു. ആദായനികുതി ഇളവ് പരിധി അഞ്ച് ലക്ഷം രൂപയായി വർധിപ്പിച്ചതിലൂടെ 40,000 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്ന് ധനകാര്യമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.

വ്യവസായമേഖലയെ സന്തോഷിപ്പിക്കാൻ ബജറ്റിൽ പലകാര്യങ്ങളുമുണ്ടായിരുന്നെങ്കിലും ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിപണിയിൽ വൻ ഇടിവുണ്ടായി.

കോർപറേറ്റ് ടാക്‌സ്

ബജറ്റിൽ കോർപറേറ്റ് നികുതി കുറച്ചു. പുതിയ കമ്പനികൾക്ക് 15 ശതമാനവും നിലവിലുള്ളവയ്ക്ക് 22 ശതമാനവുമായിരിക്കും കോർപറേറ്റ് നികുതി. കമ്പനി നിയമങ്ങൾ ഭേദഗതി ചെയ്യും. സാമ്പത്തിക ഉടമ്പടികൾക്കായി പുതിയ നിയമം കൊണ്ടുവരും.

വ്യവസായം

വ്യവസായം മേഖലയ്ക്ക് ബജറ്റിൽ 27,300 കോടി വകയിരുത്തി. സംരംഭകർക്കായി ക്ലിയറൻസ് സെല്ലുകൾ. ടെക്‌സ്‌റ്റൈൽ മിഷന് 1480 കോടി രൂപ. പിപിപി മാതൃകയിൽ സംസ്ഥാനങ്ങളുമായി ചേർന്ന് സ്മാർട്ട്‌സിറ്റി പദ്ധതി. മൊബൈൽഫോൺ നിർമാണത്തിന് പ്രത്യേക പരിഗണന. ഇലക്‌ട്രോണിക് മേഖലയിൽ ഉത്പാദനം വർധിപ്പിക്കും.

ഊർജ്ജമേഖലയ്ക്ക് 22,000 കോടി രൂപ നീക്കിവെച്ചു. 2024 ന് മുമ്പ് 6000 കിലോമീറ്റർ ദേശീയപാത. ഭാരത് നെറ്റ് എന്ന പേരിൽ ഓപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖല.ഒരു ലക്ഷം ഗ്രാമങ്ങളെ ബന്ധിപ്പിക്കും. ഭാരത് നെറ്റിന് 6000 കോടി രൂപ. സ്വകാര്യ പങ്കാളിത്തത്തോടെ ഡാറ്റാ പാർക്കുകൾ സ്ഥാപിക്കും.

ബാങ്കിംഗ്

അഞ്ച് ലക്ഷം വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ. നിലവിൽ ഇത് ഒരു ലക്ഷം വരെ മാത്രമായിരുന്നു. പൊതുമേഖല ബാങ്കുകൾക്ക് 3.50 ലക്ഷം കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഡിബിഐ ബാങ്കിന്റെ ഓഹരികളും വിൽക്കും.

ഓഹരിവില്പന

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ സർക്കാർ ഓഹരികളിൽ ഒരു ഭാഗം വിൽക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. സ്വർണ്ണവ്യാപാര മേഖലയ്ക്ക് സഹായകമായി അന്താരാഷ്ട്ര ബുള്ളിയൻ എക്‌സ്‌ചേഞ്ച് സ്ഥാപിക്കും.

പ്രതിരോധം

പ്രതിരോധ മേഖലയുടെ ബജറ്റ് വിഹിതം 3,16,296 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 11,000 കോടി കൂടുതൽ.

വ്യോമയാനം

പുതിയ 100 വിമാനത്താവളങ്ങൾ സ്ഥാപിക്കും.

പൊതുഗതാഗതം

ഗതാഗത മേഖലയ്ക്ക് 1.74 ലക്ഷം കോടി. അടിസ്ഥാനസൗകര്യ വികസനത്തിന് 104  ലക്ഷം കോടി രൂപ. 2024 ന് മുമ്പ് 6000 കിലോമീറ്റർ ദേശീയപാത. ഭാരത് നെറ്റിന് 6000 കോടി രൂപ. ഡൽഹി – മുംബൈ എക്‌സ്പ്രസ് വേ 2023 ന് മുമ്പ് പൂർത്തിയാക്കും. ചെന്നൈ – ബംഗലുരു എക്‌സ്പ്രസ് വേ ഉടൻ നിർമാണം ആരംഭിക്കും.

റെയിൽവേ

പിപിപി മോഡലിൽ പുതിയ 150 ട്രെയിനുകൾ. കൂടുതൽ തേജസ് ട്രെയിനുകൾ ഏർപ്പെടുത്തും. ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ ട്രെയിനുകൾ. റെയിൽവേ ട്രാക്കുകളിൽ സോളാർ പാനലുകൾ. 11,000 കിലോമീറ്റർ റെയിൽവേ ലൈൻ വൈദ്യുതീകരിക്കും. ബജറ്റ് വിഹിതം 67,637 കോടി രൂപ. 

വിദ്യാഭ്യാസം

വിദ്യാഭ്യാസമേഖലയിൽ  വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. പുതിയ വിദ്യാഭ്യാസ നയം ഉടൻ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മേഖലയ്ക്കായി 99,300 കോടി രൂപ ബജറ്റിൽ വകയിരുത്തി. കൂടുതൽ തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾ ഏർപ്പെടുത്തും. സ്റ്റഡി ഇൻ ഇന്ത്യ പദ്ധതി. ഏ്ഷ്യൻ- ആഫ്രിക്കൻ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠിക്കുന്നതിന് പ്രോത്സാഹനം. നൈപുണ്യ വികസനത്തിന് 3000 കോടി രൂപ വകയിരുത്തി. എൻജിനീയറിംഗ് ബിരുദധാരികൾക്ക് പഞ്ചായത്തുകളിൽ ഇന്റേൺഷിപ്പ് ഏർപ്പെടുത്തും. ദേശീയ റിക്രൂട്ട്‌മെന്റ് ഏജൻസി സ്ഥാപിക്കും.

ആരോഗ്യം

ആരോഗ്യമേഖലയിൽ പ്രധാനൻമന്ത്രി ജൻ ആരോഗ്യയ്ക്കായി 69,000 കോടി രൂപ ബജറ്റിൽ നീക്കിവെച്ചു. 112 ജില്ലകളിൽ ആയുഷ് ആശുപത്രികൾ സ്ഥാപിക്കും. ഡോക്ടർമാരുടെ കുറവ് നികത്താൻ പ്രത്യേക പദ്ധതി. മിഷൻ ഇന്ദ്രധനുസിൽ 12 രോഗങ്ങളെ കൂടി ഉൾപ്പെടുത്തി. ക്ഷയരോഗ നിർമാർജനത്തിന് പ്രത്യേക പരിഗണന. സ്വച്ഛഭാരതിന് 12,300 കോടി രൂപ വകയിരുത്തി. പോഷകാഹാര വിതരണത്തിന് 35,000 കോടി രൂപ. വനിതാ ക്ഷേമത്തിന് 28,000 കോടി രൂപ. മുതിർന്ന പൗരൻമാർക്ക് 9,500 കോടി രൂപ.

കൃഷി

കർഷകരുടെ വരുമാനം രണ്ട് വർഷത്തിനുളളിൽ ഇരട്ടിയാക്കാനാണ് ലക്ഷ്യമിട്ട് കാർഷികമേഖലയ്ക്കായി ബജറ്റിൽ 2.83 ലക്ഷം കോടി രൂപ വകയിരുത്തി. കാർഷിക മേഖലയ്ക്കായി 16 കർമ്മ പദ്ധതികൾ പ്രഖ്യാപിച്ചു. കർഷകർക്കായി നബാർഡിന്റെ പുനർവായ്പാ പദ്ധതി. കിസാൻ ക്രെഡിറ്റ് കാർഡുകൾ കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കും. ജൈവ കാർഷിക ഉത്പന്നങ്ങൾക്ക് ഓൺലൈൻ വിപണി ഏർപ്പെടുത്തും. കർഷകർക്കായി പ്രത്യേക സൗരോർജ്ജ പദ്ധതി ആവിഷ്‌കരിക്കും.

കാർഷിക വിപണി ഉദാരമാക്കും. കിസാൻ റെയിൽ പദ്ധതി നടപ്പാക്കും. കാർഷികോത്പന്നങ്ങൾ കൊണ്ടുപോകാൻ ട്രെയിനുകളിൽ കർഷകർക്കായി പ്രത്യേക ബോഗികൾ ഏർപ്പെടുത്തും. കാർഷികോത്പന്നപങങൾക്ക് രാജ്യാന്തര വിപണി ലക്ഷ്യമിട്ട് വ്യോമയാനമന്ത്രാലായവുമായി ചേർന്ന് കൃഷി ഉഡാൻ പദ്ധതി നടപ്പാക്കും.

സാമൂഹ്യക്ഷേമം

വനിത ക്ഷേമത്തിന് 28,600 കോടി രൂപ. ആറ് ലക്ഷം അംഗൻവാടി ജീവനക്കാർക്ക് മൊബൈൽഫോൺ നൽകും. പെൺകുട്ടികളുടെ വിവാഹപ്രായം നിരർണയിക്കുന്നതിന് ദൗത്യസംഘം രൂപീകരിക്കും.

പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ ക്ഷേമത്തിന് ബജറ്റിൽ 85,000 കോടിയും ആദിവാസി ക്ഷേമത്തിന് 53,700 കോടി രൂപയും നീക്കിവെച്ചു.

പരിസ്ഥിതി

ക്ലീൻ എയർ പദ്ധതിക്ക് 4400 കോടി രൂപ. മലിനീകരണം കൂട്ടുന്ന തെർമൽ പവർപ്ലാന്റുകൾ അടച്ചുപൂട്ടും. പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് പ്രോത്സാഹനം.

ധനമന്ത്രിയുടെ പ്രതികരണം

വരുമാനവും വാങ്ങൽശേഷിയും കൂട്ടുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ. സമ്പത്ത് രംഗത്തിന്റെ അടിത്തറ ശക്തമാണ്. 2022 ലെ ജി-20 ഉച്ചകോടി ഇന്ത്യയിൽ. ജി 20 ഉച്ചകോടിക്ക് 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജി എസ് ടി നടപ്പാക്കിയതോടെ കുടുംബബജറ്റിൽ 4 ശതമാനം കുറവുണ്ടായതായി ധനമന്ത്രി അവകാശപ്പെട്ടു.