കൽക്കരി മേഖല സ്വകാര്യവത്കരിക്കും ; അടിസ്ഥാനസൗകര്യവികസനത്തിന് 50,000 കോടി

Posted on: May 16, 2020

ന്യൂഡൽഹി : കൽക്കരി മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന് 50,000 കോടി രൂപ ചെലവഴിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. ഖനികളിൽ നിന്ന് കൽക്കരി നീക്കാൻ യന്ത്രവത്കൃത സംവിധാനം ഏർപ്പെടുത്തും. ഇതിനായി 18,000 കോടി രൂപ. വ്യവസായമേഖലയിലെ അടിസ്ഥാനസൗകര്യം വർധിപ്പിക്കും. കൽക്കരി ഖനന മേഖലയിൽ സ്വകാര്യപങ്കാളിത്തം ഉറപ്പാക്കും. ആദ്യം 50 ബ്ലോക്കുകൾ സ്വകാര്യവത്കരിക്കും. വരുമാനം പങ്കിടുന്ന രീതിയിലേക്ക് നയം മാറ്റും. സാമ്പത്തിക പാക്കേജ് നാലാംഘട്ടം പ്രഖ്യാപിക്കുകയായിരുന്നു ധനമന്ത്രി.

ഓർഡിനൻസ് ഫാക്ടറി ബോർഡുകൾ കോർപറേറ്റ് വത്കരിക്കും. ഫാക്ടറികളുടെ സ്വയംഭരണമാണ് ലക്ഷ്യം. എന്നാൽ ഇതിന് അർത്ഥം സ്വകാര്യവത്കരണം എന്നല്ല. ആയുധ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരും. ആഭ്യന്തര വിപണിയിൽ നിന്ന് ആയുധം വാങ്ങാൻ ബജറ്റിൽ പ്രത്യേക വിഹിതം. പ്രതിരോധ സാമഗ്രി നിർമാണ മേഖലയിൽ വിദേശനിക്ഷേപം 74 ശതമാനമാക്കി ഉയർത്തി. നേരത്തെ 49 ശതമാനമായിരുന്നു.

യാത്രാവിമാനങ്ങൾക്ക് കൂടുതൽ വ്യോമമേഖല അനുവദിക്കും. ഇതു വരെ 60 ശതമാനം വ്യോമ മേഖലയാണ് അനുവദിച്ചിരുന്നത്. ഇതിലൂടെ വിമാനക്കമ്പനികൾക്ക് പ്രതിവർഷം 1000 കോടിയുടെ നേട്ടമുണ്ടാകും. ആറ് വിമാനത്താവളങ്ങളിൽ സ്വകാര്യവത്കരണം. ഇതിൽ 3 എണ്ണം സ്വകാര്യമേഖലയ്ക്ക് കൈമാറിക്കഴിഞ്ഞു. ഇതിലൂടെ വിമാനത്താവളങ്ങളുടെ വരുമാനം 1000 കോടി രൂപയായി വർധിപ്പിക്കാനാകും. ഇന്ത്യയെ വിമാന അറ്റകുറ്റപ്പണികളുടെ ഹബാക്കി മാറ്റും. എയർപോർട്ട്‌സ് അഥോറിട്ടി ഓഫ് ഇന്ത്യയ്ക്ക് 2300 കോടി രൂപ.

കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കും. ലോഡ് ഷെഡിംഗ് ഉണ്ടായാൽ വിതരണക്കമ്പനികൾക്ക് പിഴ ചുമത്തും. ബഹിരാകാശ മേഖലയിലും സ്വകാര്യവത്കരണം. ഇസ്രോ സൗകര്യങ്ങളും ഇനി സ്വകാര്യകമ്പനികൾക്ക് ഉപയോഗിക്കാം. മെഡിക്കൽ ഐസോടോപ്പുകളുടെ വികസനം, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകളിലും സംയുക്തസംരംഭങ്ങൾ അനുവദിക്കും.

രാജ്യം നിക്ഷേപസൗഹൃദമാക്കാൻ നിരവധി നടപടികൾ എടുത്തു. 2014 മുതൽ പരിഷ്‌കാരങ്ങൾക്ക് മുൻഗണന നൽകി. വളർച്ചയ്ക്ക് നയലഘൂകരണം ആവശ്യമാണ്. വ്യവസായിക ആവശ്യത്തിനുള്ള ഭൂമിയുടെ വിവരം ലഭ്യമാക്കും.

നിക്ഷേപത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ നയങ്ങളിൽ മാറ്റം വരുത്തും. എല്ലാ മന്ത്രാലയങ്ങളിലും സെല്ലുകൾ രൂപീകരിച്ചു. നിക്ഷേപങ്ങൾക്ക് അനുമതി നൽകാൻ സെക്രട്ടറിമാരുടെ പ്രത്യേക സമിതിയുണ്ടാകും. വൈദ്യുതി, കൽക്കരി, ധാതുഖനനം, വ്യോമയാനം തുടങ്ങിയ മേഖലകളിലാണ് ഇന്ന് പ്രഖ്യാപനം നടത്തുന്നത്.