ശതകോടീശ്വരൻമാരുടെ പട്ടികയിൽ 10 മലയാളികൾ ; യൂസഫലി ഒന്നാമത്

Posted on: February 27, 2016

Yusaf-Ali-2015-big

ദുബായ് : ചൈനീസ് മാസികയായ ഹുറുൺ ഗ്ലോബൽ പുറത്തുവിട്ട ലോകത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ പത്തു മലയാളികൾ. ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം. എ. യൂസഫലിയാണ് ഏറ്റവും ധനികനായ മലയാളി. ലോകത്തെ ശതകോടീശ്വരൻമാരിൽ അറുനൂറു കോടി ഡോളറിന്റെ സമ്പാദ്യവുമായി 228-ാം സ്ഥാനത്താണ് അദ്ദേഹം. ഇന്ത്യയിലെ ശതകോടീശ്വരൻമാരിൽ എട്ടാമതാണ് യൂസഫലി. 220 കോടി ഡോളറിന്റെ ആസ്തിയുള്ള ആർ. പി. ഗ്രൂപ്പ് ചെയർമാൻ രവി പിള്ളയാണ് മലയാളികളിൽ രണ്ടാമത്.

സണ്ണി വർക്കി (150 കോടി ഡോളർ), ക്രിസ് ഗോപാലകൃഷ്ണൻ (150 കോടി ഡോളർ), ടി.എസ്. കല്യാണരാമൻ (140 കോടി ഡോളർ), പി. എൻ. സി. മേനോൻ (120 കോടി ഡോളർ), ജോയ് ആലുക്കാസ് (110 കോടി), എസ്. ഡി. ഷിബുലാൽ (100 കോടി), എം.ജി. ജോർജ് മുത്തൂറ്റും കുടുംബവും (100 കോടി), ഡോ. ആസാദ് മൂപ്പൻ (100 കോടി) എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് മലയാളികൾ. ഏകദേശം 1800 കോടി ഡോളറാണ് ഈ പത്തു പേരുടെ മൊത്തം ആസ്തിയായി റിപ്പോർട്ടിൽ പറയുന്നത്. റിലയൻസ് ഗ്രൂപ്പ് തലവൻ മുകേഷ് അംബാനിയാണ് ഹുറുൺ ഗ്ലോബലിന്റെ കണക്കനുസരിച്ച് ഏറ്റവും ധനികനായ ഇന്ത്യക്കാരൻ.

മൈക്രോസോഫ്റ്റ് തലവൻ ബിൽ ഗേറ്റ്‌സ് ഒന്നാമതുള്ള പട്ടികയിൽ ഇരുപത്തിനാലാം സ്ഥാനത്താണ് അദ്ദേഹം. 2600 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആകെ സമ്പാദ്യം. ലോകത്തെ നൂറു ശതകോടീശ്വരൻമാരിൽ നാലുപേരാണ് ഇന്ത്യക്കാർ. സൺ ഫാർമ ഉടമ ദിലീപ് സാംഗ്‌വി (49–ആം സ്ഥാനം), പല്ലോൻജി മിസ്ത്രി (75) ശിവ് നാടാർ (91) എന്നിവരാണ് ആദ്യ നൂറിൽ ഇടം പിടിച്ച ഇന്ത്യക്കാർ. സൈറസ് പൂനവാല, ഉദയ് കോടക്, അസീം പ്രേംജി എന്നിവരും പട്ടികയിലുണ്ട്.