ഹൗസിംഗ് മേഖലയിൽ വില്പന കുറയുന്നു

Posted on: January 29, 2016

Residential-Apartments-Big-

മുംബൈ : വായ്പ പലിശയിൽ കാര്യമായ കുറവുണ്ടാകാത്തതിനെ തുടർന്ന് രാജ്യത്തെ പാർപ്പിട പദ്ധതികളുടെ ഡിമാൻഡിൽ വൻ ഇടിവ്. 2015 ൽ വില്പനയിൽ 4 ശതമാനം കുറവുണ്ടായി. ദേശീയ തലസ്ഥാന മേഖല ഉൾപ്പടെ പ്രധാനപ്പെട്ട 8 റിയൽഎസ്റ്റേറ്റ് വിപണികളിൽ 2015 ൽ വിൽക്കാതെ കിടക്കുന്നത് 6.9 ലക്ഷം യൂണിറ്റുകൾ. 2010 ന് ശേഷം ഏറ്റവും കുറവ് വില്പന കഴിഞ്ഞ വർഷമായിരുന്നു. കേരളത്തിലും ഡിമാൻഡിൽ കുറവുണ്ടെന്ന് ബിൽഡർമാർ രഹസ്യമായി സമ്മതിക്കുന്നുണ്ട്. സ്മാർ്ട്ട് സിറ്റിയും മെട്രോയും യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിൽ സ്ഥിതിമെച്ചപ്പെടുമെന്ന് ഒരു പ്രമുഖ ബിൽഡർ ചൂണ്ടിക്കാട്ടി.

ഡൽഹി, മുംബൈ, പൂനെ, അഹമ്മദാബാദ്, കോൽക്കത്ത, ഹൈദരാബാദ്, ബംഗലുരു, ചെന്നൈ എന്നിവിടങ്ങളിൽ 2014 ൽ 7.15 ലക്ഷം യൂണിറ്റുകളാണ് വിൽക്കപ്പെടാതെ കിടന്നത്. റിസർവ് ബാങ്ക് നിരക്ക് കുറച്ചെങ്കിലും ബാങ്കുകൾ പലിശനിരക്ക് കാര്യമായി കുറയ്ക്കാത്തതാണ് പാർപ്പിടപദ്ധതികളുടെ വില്പനയെ ബാധിക്കുന്നത്. എന്നാൽ റെസിഡൻഷ്യൽ പദ്ധതികളുടെ വില്പനയിൽ മാന്ദ്യമുണ്ടെങ്കിലും ഓഫീസ് സ്‌പേസിനുള്ള ഡിമാൻഡിൽ കുറവില്ല. മികച്ച ഡിമാൻഡ് ഉള്ളതിനാൽ വാടകനിരക്കുകളും വർധിച്ചു. ഐടി/ സ്റ്റാർട്പ്പ് രംഗത്തെ മുന്നേറ്റമാണ് ഓഫീസ് സ്‌പേസിനുള്ള ഡിമാൻഡ് നിലനിർത്തുന്ന മുഖ്യഘടകം.