പി എൻ ബി ഹൗസിംഗ് ഫിനാൻസും സെലിബ്രസും വിപണന ധാരണയിൽ

Posted on: January 27, 2016

Celebrus-PNB-housing-mou-Bi

കൊച്ചി : ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി പി എൻ ബി ഹൗസിംഗ് ഫിനാൻസ്, സെലിബ്രസ് ക്യാപ്പിറ്റൽ ലിമിറ്റഡിനെ ബിസിനസ് പങ്കാളിയാക്കി. സെലിബ്രസിനു നിർണായക സാന്നിധ്യമുള്ള ദക്ഷിണേന്ത്യയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വിപണി സാന്നിധ്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരു സ്ഥാപനങ്ങളും ബിസിനസ് ധാരണയിൽ എത്തിയത്.

ലോൺ അസറ്റിന്റെ അടിസ്ഥാനത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഹൗസിംഗ് ഫിനാൻസ് കമ്പിനിയാണ് പി എൻ ബി. ഡെപ്പോസിറ്റ് ബുക്കിന്റെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്താണ്. പി എൻ ബി. രാജ്യവ്യാപകമായി മാർക്കറ്റ് റിസർച്ച്, സാങ്കേതികവിദ്യ, ഇക്വിറ്റി, കമോഡിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന കമോഡിറ്റി ഓൺലൈൻ ഗ്രൂപ്പിലെ സെലിബ്രസ് ക്യാപ്പിറ്റൽ പ്രമുഖ ബ്രോക്കറേജ് ഹൗസാണ്.

വ്യവസായങ്ങളുടെയും ബിസിനസുകളുടെയും പുതിയ വിപണിയായി ദക്ഷിണേന്ത്യ വളർന്ന് വരികയാണെന്നും അനേകം വികസന സാധ്യതകൾ ഉള്ളതിനാൽ ദക്ഷിണേന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാനെന്നും പി എൻ ബി ഹൗസിംഗ് ഫിനാൻസ് ബിസിനസ് മേധാവി ഷാജി വർഗീസ് അഭിപ്രായപ്പെട്ടു. അടുത്ത സാമ്പത്തിക വർഷം ഹൗസിംഗ് മേഖല നിർണായക വളർച്ച കൈവരിക്കും. സെലിബ്രസുമായി കൈകോർക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നടപ്പ് സാമ്പത്തിക വർഷം അവസാന ക്വാർട്ടറോടെ ദക്ഷിണേന്ത്യയിൽ മൂന്ന് ബ്രാഞ്ചുകൾ ആരംഭിക്കുമെന്നും അടുത്ത സാമ്പത്തിക വർഷം 15 പ്രധാന വിപണികൾ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് കേരളത്തിൽ ബ്രാഞ്ചുകൾ ഉള്ളത്.

പി എൻ ബി യുമായി ബിസിനസ് പങ്കാളിത്തത്തിൽ ഏർപ്പെടാൻ കഴിഞ്ഞത് ആവേശകരമായ അനുഭവമാണെന്ന് കമോഡിറ്റി ഓൺലൈൻ ഗ്രൂപ്പ് സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ ജോർജ് ഐപ്പ് പറഞ്ഞു. രാജ്യത്താകമാനം 450 കേന്ദ്രങ്ങളാണ് സെലിബ്രസിനുള്ളത്. ആദ്യ ഘട്ടത്തിൽ ഇതിൽ 250 കേന്ദ്രങ്ങളിൽ പി എൻ ബി ഫിനാൻസ് സേവനങ്ങൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കമോഡിറ്റി ഓൺലൈൻ ഗ്രൂപ്പ് ഡയറക്ടർ ജിബി മാത്യു, പി എൻ ബി ഹൗസിംഗ് ഫിനാൻസ് റീജണൽ ബിസിനസ് മേധാവി കെ വി വി നാഥൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.