ലുലു ഗ്രൂപ്പ് യുഎസിലേക്ക്

Posted on: January 24, 2016

Yusaf-Ali-2015-big

അബുദാബി : ലുലു ഗ്രൂപ്പ് യുഎസിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. ദാവോസിൽ ആഗോള സാമ്പത്തിക ഉച്ചകോടിയുടെ ഭാഗമായി നടത്തിയ ബിസിനസ് കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദേഹം. അമേരിക്കയിൽ സോഴ്‌സിംഗ് ഓഫീസ് ആരംഭിക്കാനാണ് ലുലു ഗ്രൂപ്പ് ഒരുങ്ങുന്നത്. ഇപ്പോൾ ബ്രിട്ടണിലും ബ്രസീലിലും ലുലു ഗ്രൂപ്പിന്റെ സോഴ്‌സിംഗ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. വിപണി സാഹചര്യങ്ങൾക്കനുസരിച്ച് യുഎസിൽ കൂടുതൽ നിക്ഷേപം പരിഗണിക്കുമെന്നും അദേഹം പറഞ്ഞു.

ഇന്തോനേഷ്യയിൽ 3000 കോടിയുടെയും ഈജിപ്തിൽ 2000 കോടിയുടെയും നിക്ഷേപപദ്ധതികളാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. റീട്ടെയ്ൽ മേഖലയിൽ മലേഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും ലുലു ഗ്രൂപ്പ് പ്രവർത്തനം വ്യാപിപ്പിച്ചുവരികയാണ്. ഇപ്പോൾ 125 ഹൈപ്പർമാർക്കറ്റുകളാണ് ലുലു ശൃംഖലയിലുള്ളത്.

ജിസിസി രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലും ലുലു ഗ്രൂപ്പ് വൻതോതിൽ മുതൽമുടക്കുന്നുണ്ട്. കേരളം, തെലുങ്കാന, യുപി എന്നീ സംസ്ഥാനങ്ങളിൽ മാളുകളും കൺവെൻഷൻ സെന്ററുകളും സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.