വാൾമാർട്ട് 269 സ്‌റ്റോറുകൾ അടച്ചുപൂട്ടുന്നു

Posted on: January 16, 2016

Walmart-Shopping-Carts-Big

ന്യൂയോർക്ക് : രാജ്യാന്തര റീട്ടെയ്ൽ കമ്പനിയായ വാൾമാർട്ട് 269 സ്റ്റോറുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. ഇവയിൽ 154 സ്റ്റോറുകൾ അമേരിക്കയിലും 60 സ്‌റ്റോറുകൾ ബ്രസീലിലുമാണ്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്റ്റോറുകൾ അടച്ചുപൂട്ടാനുള്ള വാൾമാർട്ടിന്റെ തീരുമാനം 16,000 പേർക്ക് ജോലി നഷ്ടമാക്കും. ഇവരിൽ 6000 പേർ അമേരിക്കയ്ക്ക് പുറത്തുള്ളവരാണ്. അടച്ചുപൂട്ടുന്നവയിൽ അധികവും വാൾമാർട്ട് എക്‌സ്പ്രസ് വിഭാഗത്തിലുള്ള ചെറുകിട സ്റ്റോറുകളാണ്.

അതേസമയം നടപ്പുവർഷം ആഗോളതലത്തിൽ 405 പുതിയ സ്റ്റോറുകൾ തുറക്കുമെന്ന് വാൾമാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഇന്ത്യൻ നഗരങ്ങളും ഉൾപ്പെടുന്നു. ലോകമെമ്പാടുമായി 11,600 വാൾമാർട്ട് സ്റ്റോറുകളാണുള്ളത്. ഇവയിൽ 4500 അമേരിക്കയിലാണ്. ആഗോളതലത്തിൽ 22 ലക്ഷം ജീവനക്കാരാണ് വാൾമാർട്ടിനുള്ളത്. ഇവരിൽ 14 ലക്ഷവും യുഎസിലെ സ്‌റ്റോറുകളുടെ ഭാഗമാണ്.