ഫ്‌ളിപ്കാര്‍ട്ട് വാള്‍മാര്‍ട്ട് ഇന്ത്യയെ ഏറ്റെടുത്തു

Posted on: July 24, 2020

കൊച്ചി : ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ്, വാള്‍മാര്‍ട്ട് ഇന്ത്യയുടെ 100 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. മൊത്തവ്യാപാരം ലക്ഷ്യമിട്ടാണ് ഈ നീക്കം. പ്‌ളിപ്കാര്‍ട്ട് ഹോള്‍സെയില്‍ എന്ന പേരില്‍ ഓഗസ്‌റ്റോടെ മൊത്തവ്യാപാരത്തിന് തുടക്കമിടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫ്‌ളിപ്കാര്‍ട്ടിന്റെ ഭൂരിഭാഗം ഓഹരികള്‍ രണ്ടുവര്‍ഷം മുമ്പ് യു.എസ്. കമ്പനിയായ വാള്‍മാര്‍ട്ട് സ്വന്തമാക്കിയിരുന്നു. 1,600 കോടി ഡോളറിനായിരുന്നു ഇത്.

വാള്‍മാര്‍ട്ട് ഇന്ത്യയുടെ മുഴുവന്‍ റീട്ടെയില്‍ യൂണിറ്റുകളും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും ഇനി ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പിന് കീഴിലായിരിക്കും. പലചരക്ക്, ഫാഷന്‍ വിഭാഗങ്ങളിലായിരിക്കും പ്രാരംഭഘട്ടത്തില്‍ ഫ്‌ളിപ്കാര്‍ട്ട് ഹോള്‍സെയില്‍ ശ്രദ്ധകേന്ദ്രീകരിക്കുക.

ഫ്‌ളിപ്കാര്‍ട്ടിന്റെ തന്നെ മുതിര്‍ന്ന വൈസ് പ്രസിഡന്റും പ്രൈവറ്റ് ബ്രാന്‍ഡുകളുടെ മേധാവിയുമായ ആദര്‍ശ് മേനോന്‍ ആയിരിക്കും ഫ്‌ളിപ്കാര്‍ട്ട് ഹോള്‍സെയില്‍ നയിക്കുക. സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് വാള്‍മാര്‍ട്ട് ഇന്ത്യ സി.ഇ.ഒ. സമീര്‍ അഗര്‍വാള്‍ തത്കാലം കമ്പനിയില്‍ തുടരും.

വാള്‍മാര്‍ട്ട് ഇന്ത്യയുടെ ജീവനക്കാരും ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പിന്റെ ഭാഗമാകും. ഭക്ഷ്യ-പലചരക്ക് വിഭാഗത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനും ഈ ഏറ്റെടുക്കല്‍ ഫ്‌ലിപ്കാര്‍ട്ടിന് വിതരണം ചെയ്യും. 28 സ്റ്റോറുകളാണ് വാള്‍മാര്‍ട്ടിന് ഇന്ത്യയിലുള്ളത്.