ഇന്ത്യ സാമ്പത്തികവളർച്ചയിൽ ചൈനയെ മറികടക്കുമെന്ന് പിഡബ്ല്യുസി

Posted on: January 11, 2016

Indian-Economic-growth-Big-ന്യൂഡൽഹി : സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ആഗോള കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ്. 2016 ൽ ഇന്ത്യ 7.7 ശതമാനം വളർച്ച നേടുമെന്നാണ് പ്രൈസ് വാട്ടർഹൗസിന്റെ വിലയിരുത്തൽ. വളരുന്ന ഏഴ് സമ്പദ്‌വ്യവസ്ഥകളിൽ (ചൈന, ഇന്ത്യ, ബ്രസീൽ, മെക്‌സിക്കോ, റഷ്യ, ഇന്തോനേഷ്യ, ടർക്കി) സ്റ്റാർ പെർഫോമറാണ് ഇന്ത്യ. തുടർച്ചയായി രണ്ടാം വർഷവും ചൈനീസ് ഇക്‌ണോമി മാന്ദ്യത്തിലാണ്. നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളുടെ ഗുണഫലങ്ങൾ നേടാൻ വൈകാതെ ഇന്ത്യയ്ക്കു കഴിയുമെന്നും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലേക്ക് വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് 2016 ലും തുടരും. 2015 ൽ 45,856 കോടി രൂപയാണ് ഇന്ത്യൻ ഡെറ്റ് മാർക്കറ്റിൽ നിക്ഷേപിക്കപ്പെട്ടത്. പുതുവർഷത്തിലെ ആദ്യ ആഴ്ചയിലും 3,706 കോടി രൂപ ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്‌റ്റേഴ്‌സ് ഇന്ത്യയിൽ നിക്ഷേപിച്ചു. ജി-7 (യുഎസ്, യുകെ, ജപ്പാൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, കാനഡ) സമ്പദ്‌വ്യവസ്ഥ 2010 നു ശേഷം ഈ വർഷം അതിവേഗം വളരുമെന്നാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിന്റെ നിഗമനം.