ചൈനീസ് ആക്രമണത്തിൽ 20 ഇന്ത്യൻ ജവാൻമാർക്ക് വീരമൃത്യു

Posted on: June 16, 2020

ന്യൂഡൽഹി : ഇന്നലെ രാത്രി ലഡാക്കിലെ ഗാൽവൻ മേഖലയിൽ നിയന്ത്രണരേഖയ്ക്ക് അടുത്ത് ചൈനീസ് സേന നടത്തിയ ആക്രമണത്തിൽ 20 ഇന്ത്യൻ ജവാൻമാർക്ക് വീരമൃത്യു. ആന്ധ്ര സ്വദേശിയായ കേണൽ ബി. സന്തോഷ് ബാബു ഉൾപ്പടെ മൂന്ന് സൈനികരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഹവിൽദാർ പളനി, സിപോയ് ഝ എന്നിവരാണ് മറ്റ് രണ്ട് പേർ. പെട്രോളിംഗ് നടത്തുകയായിരുന്ന ഇന്ത്യൻ സൈനികരെ പീപ്പിൾസ് ലിബറേഷൻ ആർമി പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.

രണ്ട് ഓഫീസർമാർ ഉൾപ്പടെ ഇരുപതോളം പേരെ ചൈനീസ് സൈന്യം തടവിലാക്കിയതായാണ് സൂചന. ഇന്ത്യൻ ജവാൻമാരുടെ വീരമൃത്യു കരസേനയും സ്ഥിരീകരിച്ചു. ഏത് സാഹചര്യവും നേരിടാൻ ഒരുങ്ങിയിരിക്കാൻ കര-വ്യോമ-നാവിക സേനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഘർഷഭൂമിയിൽ നിന്ന് ഇരു സേനാ വിഭാഗങ്ങളും പിൻമാറിയെന്നും റിപ്പോർട്ടുകളുണ്ട്.