പേടിഎം പേമെന്റ്‌സ് ബാങ്കിന് ഒരു ലക്ഷം കോടിയുടെ ബിസിനസ് ലക്ഷ്യം

Posted on: August 21, 2015

Vijay-Shekhar-Sharma-Paytm-

ന്യൂഡൽഹി : പേടിഎം പേമെന്റസ് ബാങ്ക്  2020 ഓടെ 500 ലക്ഷം ജനങ്ങളിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നതെന്ന് സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ്മ പറഞ്ഞു. ഒരു ലക്ഷം കോടി രൂപയുടെ ബിസിനസാണ് പേമെന്റ്‌സ് ബാങ്ക് ലക്ഷ്യമിടുന്നത്. പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ97 കമ്യൂണിക്കേഷൻസ് പുതിയ സബ്‌സിഡയറിക്കായി 250 മില്യൺ ഡോളറിന്റെ (1625 കോടി രൂപ) മുതൽമുടക്കിനാണ് ഒരുങ്ങുന്നതെന്നും വിജയ് ശേഖർ ശർമ്മ വ്യക്തമാക്കി.

പേമെന്റ്‌സ് ബാങ്കിനു വേണ്ട അടിസ്ഥാനസൗകര്യ വികസനം, ഡിജിറ്റൽ പേമെന്റ് സിസ്റ്റംസ്, വിപണി പ്രവേശം, ജീവനക്കാർ തുടങ്ങിയ കാര്യങ്ങൾക്കു വേണ്ടിയാണ് മുതൽമുടക്ക് വേണ്ടിവരുന്നത്. 100 ദശലക്ഷം വാലറ്റ് യൂസേഴ്‌സും 75 ദശലക്ഷം പ്രതിമാസ ട്രാൻസാക്ഷൻസും ഇപ്പോൾ പേടിഎമ്മിനുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ ആലിബാബയുടെ ധനകാര്യവിഭാഗമായ ആന്റ് ഫിനാൻഷ്യൽ പേടിഎമ്മിന്റെ 25 ശതമാനം ഓഹരികൾ 575 മില്യൺ ഡോളറിന് സ്വന്തമാക്കിയിരുന്നു.