ഇൻഫോസിസ് ലക്ഷ്യം നേടുമെന്ന് വിശാൽ സിക്ക

Posted on: June 23, 2015

Infosys-Vishal-Sikka-Big

ബംഗലുരു : ഇൻഫോസിസ് 20 ബില്യൺ ഡോളർ വരുമാനമെന്ന ലക്ഷ്യം നേടുമെന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശാൽ സിക്ക പറഞ്ഞു. 2015 മാർച്ചിൽ അവസാനിച്ച വർഷം ഇൻഫോസിസ് 53,319 കോടി രൂപ വരുമാനം നേടി. വാർഷികാടിസ്ഥാനത്തിൽ 4 ശതമാനമാണ് വളർച്ച. അറ്റാദായം 15.8 ശതമാനം വർധിച്ച് 12,329 കോടി രൂപയായി. ഇടപാടുകാർക്ക് മൂല്യവർധിത സേവനങ്ങൾ നൽകാനാണ് ഇൻഫോസിസ് ലക്ഷ്യമിടുന്നതെന്ന് 34 മത് വാർഷിക പൊതുയോഗത്തിൽ വിശാൽ സിക്ക ചൂണ്ടിക്കാട്ടി.

ഏറ്റെടുക്കലുകൾ ഇടപാടുകാർക്കും കമ്പനിക്കും ഗുണകരമാകും. പന്നായ, സ്‌കാവ ഏറ്റെടുക്കലുകൾ പുതിയ ഇടപാടുകാരെ കണ്ടെത്താൻ സഹായിച്ചു. ബിപിഒ, ഇൻഫ്രസ്ട്രക്ചർ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. കറൻസി സ്ഥിരത കൈവരിക്കുകയാണെങ്കിൽ 10-12 ശതമാനം വളർച്ച പ്രതീക്ഷിക്കാമെന്നും വിശാൽ സിക്ക പറഞ്ഞു.